‘സര്‍വകലാശാലകളെ കമ്യൂണിസ്റ്റ്‌വത്ക്കരിക്കാനുള്ള നീക്കത്തെ എതിര്‍ക്കും; ഗവര്‍ണറെ മാറ്റിയാല്‍ എകെജി സെന്‍റര്‍ വിസിമാരെ നിയമിക്കുന്ന സ്ഥിതിയാകും’: പ്രതിപക്ഷ നേതാവ്

Wednesday, November 9, 2022

തിരുവനന്തപുരം: സര്‍വകലാശാലകളെ കമ്യൂണിസ്റ്റ്‌വത്ക്കരിക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സര്‍ക്കാരും മുഖ്യമന്ത്രിയും ഒന്നിച്ച് ചെയ്ത തെറ്റിനുള്ള പരിഹാരമല്ല ചാന്‍സിലറെ മാറ്റല്‍. ചാന്‍സിലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ മാറ്റിയാല്‍ ഇപ്പോള്‍ പിന്‍വാതിലിലൂടെ ബന്ധുക്കളെയും പാര്‍ട്ടി നേതാക്കളെയും നിയമിച്ചതു പോലെ സിപിഎം എകെജി സെന്‍ററില്‍ ഇരുന്ന് വൈസ് ചാന്‍സിലര്‍മാരെ നിയമിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന് അദ്ദേഹം പരിഹസിച്ചു.

ബംഗാളില്‍ ചെയ്തത് പോലെ കമ്യൂണിസ്റ്റ് പശ്ചാത്തലമുള്ളവരെ വിസിമാരാക്കി ഉന്നതവിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഗവര്‍ണര്‍ സംഘപരിവാറുകാരെ വിസിമാരായി നിയമിക്കുമെന്ന ഭയം പോലെ, സര്‍ക്കാരും കമ്യൂണിസ്റ്റുകാരെ തിരുകിക്കയറ്റുമോയെന്ന ഭയം പ്രതിപക്ഷത്തിനുണ്ട്. ചാന്‍സിലറെ മാറ്റേണ്ട ഒരു സാഹചര്യവും ഇവിടെയില്ല. സുപ്രീം കോടതി വിധിയെ മറികടക്കാനാണ് തിടുക്കപ്പെട്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്നും ഇതിനെ പ്രതിപക്ഷം ശക്തമായി എതിര്‍ക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

“ചാന്‍സിലര്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കാമെന്ന് പറഞ്ഞ് ഗവര്‍ണര്‍ മൂന്ന് തവണ സര്‍ക്കാരിന് കത്തെഴുതി. അപ്പോഴൊക്കെ അയ്യോ സാറേ പോകല്ലേയെന്ന് പറഞ്ഞ് മുഖ്യമന്ത്രി മറുപടി കത്തെഴുതി. ഞാന്‍ പറയുന്നത് പോലെ കത്ത് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ നാലാമതും കത്തയച്ചു. ഇതനുസരിച്ച് ഗവര്‍ണര്‍ പറഞ്ഞത് പോലെ സര്‍വകലാശാലാ കാര്യങ്ങളില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും അങ്ങ് ചാന്‍സലറായി തുടരണമെന്നും പറഞ്ഞ് മറുപടിക്കത്ത് എഴുതി. മുഖ്യമന്ത്രിയുടെ നാലാമത്തെ കത്ത് കണ്ടാല്‍ അപമാനഭാരത്താല്‍ തല കുനിക്കേണ്ടി വരും. എങ്ങനെ കത്ത് നല്‍കണമെന്ന് ഗവര്‍ണര്‍ തന്നെ പഠിപ്പിച്ച് കൊടുത്തിരിക്കുകയാണ്. എന്നിട്ടെന്തിനാണ് സര്‍വകലാശാലാ ഭേദഗതി നിയമം നിയമസഭയില്‍ കൊണ്ടുവന്നത്? ഇപ്പോള്‍ ചാന്‍സലറെ മാറ്റാന്‍ തീരുമാനിച്ചത്? ഗവര്‍ണറും സര്‍ക്കാരും കൂടിയാണ് എല്ലാ നിയനങ്ങളും നടത്തിയത്. സുപ്രീം കോടതിയില്‍ തോറ്റത് ഗവര്‍ണറും സര്‍ക്കാരുമാണ്. പ്രതിപക്ഷം ഉന്നയിച്ച അതേ കാര്യങ്ങളാണ് സുപ്രീം കോടതിയും വ്യക്തമാക്കിയത്. ഗവര്‍ണര്‍ക്ക് നാല് കത്തുകളെഴുതിയ മുഖ്യമന്ത്രിയാണ് പ്രതിപക്ഷത്തെ സംഘപരിവാര്‍ വിരുദ്ധത പഠിപ്പിക്കാന്‍ വരുന്നത്” – വി.ഡി സതീശന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ 295 ഒഴിവുകളിലേക്ക് ആളെ നല്‍കണമെന്നാവശ്യപ്പെട്ട് മേയര്‍ പാര്‍ട്ടി സെക്രട്ടറിക്ക് കത്തെഴുതിയ സംഭവത്തില്‍ പ്രധാനപ്പെട്ട സിപിഎം നേതാക്കളാണ് പ്രതികളാകാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മേയറെയും സിപിഎം നേതാക്കളെയും രക്ഷിക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണ് ക്രൈം ബ്രാഞ്ച് അന്വേഷണം. മേയറുടെ ലെറ്റര്‍പാഡും ഒപ്പും മേയറും പാര്‍ലമെന്‍ററി പാര്‍ട്ടി സെക്രട്ടറിയും അയച്ച കത്തുകളും പുറത്ത് വന്നിട്ടുണ്ട്. ഇതെല്ലാം ഇരുവരും സമ്മതിച്ചിട്ടുമുണ്ട്. കത്ത് അയയ്ക്കുകയും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും ജനങ്ങളെ പരിഹസിക്കാനാണ് കത്ത് ഇല്ലെന്ന നിലപാടെടുത്തിരിക്കുന്നത്. പാര്‍ട്ടി തന്നെ അന്വേഷിച്ച് പ്രതികളെ രക്ഷപ്പെടുത്തുന്ന രീതിയാണ് സംസ്ഥാനത്ത് നടക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

കേരളത്തിലെ വിവിധ പൊതുമേഖലാ സ്ഥാപനങ്ങളിലും സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്‍റുകളിലും പതിനായിരക്കണക്കിന് പിന്‍വാതില്‍ നിയമനങ്ങളാണ് നടത്തിയത്. പിഎസ്‌സിയെയും എംപ്ലോയ്‌മെന്‍റ് എക്‌സേഞ്ചുകളെയും നോക്കുകുത്തിയാക്കി പാര്‍ട്ടി ജില്ലാ സെക്രട്ടറിമാരും മന്ത്രിമാരുടെ ഓഫീസുകളും നടത്തിയിരിക്കുന്ന നിയമനങ്ങള്‍ ഒന്നൊന്നായി യുഡിഎഫ് പുറത്തുകൊണ്ടുവരും. തൊഴിലില്ലാത്ത ചെറുപ്പക്കാരെ വഞ്ചിച്ച സര്‍ക്കാര്‍ ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും വേണ്ടി മാത്രമാണ് നിയമനങ്ങള്‍ നടത്തുന്നത്. പിന്‍വാതില്‍ നിയമനം ലഭിച്ചവരെ സംരക്ഷിക്കാന്‍ ഒരു ഒഴിവ് പോലും പിഎസ്‌സിക്ക് റിപ്പോര്‍ട്ട് ചെയ്യരുതെന്നാണ് വകുപ്പ് മേധാവിമാര്‍ക്ക് സര്‍ക്കാര്‍ വാക്കാല്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. കോര്‍പറേഷനിലെ സംഭവം പുറത്ത് വന്നതോടെയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ ചര്‍ച്ചയായത്. താല്‍ക്കാലിക, പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ച് അതിനെതിരായ നിയമനടപടികളെ കുറിച്ച് യുഡിഎഫ് ആലോചിക്കും. പിന്‍വാതില്‍ നിയമനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് നിരവധി കോടതി വിധികളുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.