
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും സിപിഎം നേതാവുമായ എ. പത്മകുമാര്‍ അറസ്റ്റിലായതോടെ സിപിഎം പ്രതിരോധത്തിലാവുകയാണ്. 2019 ല്‍ ശബരിമലയില്‍ നടന്ന തിരിമറി എല്ലാം പത്മകുമാറിന്റെ അറിവോടെയാണ് എന്ന് വ്യക്തമായിട്ടുണ്ട്. എന്‍ വാസുവിന് പിന്നാലെ പത്മകുമാര്‍ കൂടി അറസ്റ്റിലായതോടെ സിപിഎം കടുത്ത ആശങ്കയിലാണ്.
സിപിഎം ഇതുവരെയും ഉദ്യോഗസ്ഥ ഗൂഢാലോചന എന്ന ന്യായീകരണത്തിലാണ് പിടിച്ചു നിന്നത്. എന്നാല്‍ ഇനി അത് സാധ്യമല്ലാത്ത അവസ്ഥയിലാണ്. കേസില്‍ ഇതുവരെ അറസ്റ്റിലായ ഉണ്ണികൃഷ്ണന് പോറ്റി, മുരാരി ബാബു, സുധേഷ് കുമാര്‍, എന്‍. വാസു എന്നിവരുടെ എല്ലാം മൊഴികള്‍ പത്മകുമാറിന് എതിരായിരുന്നു. പത്മകുമാറില്‍ എത്തിയ അറസ്റ്റും അന്വേഷണവും അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനിലേക്കും എത്തുമോ എന്ന ആശങ്കയും സിപിഎമ്മിലുണ്ട്. കടകം പള്ളി സുരേന്ദ്രന്റെ വിക്കറ്റാകും അടുത്തേത് എന്ന് പ്രതിപക്ഷം ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു.
ഹൈക്കോടതിയുടെ നേരിട്ടുളള അന്വേഷണമായതിനാല്‍ സിപിഎമ്മിന് ഒരു രാഷ്ട്രീയ ഇടപെടലും സാധ്യമല്ലാത്ത സ്ഥിതിയാണ്. പിണറായി സര്‍ക്കാരിന്റെ ഭരണ കാലത്തെ രണ്ട് ദേവസ്വം പ്രസിഡന്റുമാരും അറസ്റ്റിലാണ്. മറ്റൊരു പ്രസിഡന്റ് പിഎസ് പ്രശാന്തിന്റെ പേരിലും ആരോപണമുണ്ട്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിനെ പൊള്ളിക്കുന്ന നീക്കങ്ങളാണ് ഓരോ നിമിഷവും പുറത്ത് വരുന്നത്.