‘മോദി-അദാനി ബന്ധം ഒരിക്കല്‍ പുറത്തുവരികതന്നെ ചെയ്യും; ജനാധിപത്യത്തിനും ജനങ്ങള്‍ക്കും വേണ്ടി പോരാട്ടം തുടരും’: രാഹുല്‍ ഗാന്ധി

Jaihind Webdesk
Saturday, March 25, 2023

ന്യൂഡല്‍ഹി: മോദി-അദാനി ബന്ധം പാര്‍ലമെന്‍റില്‍ ഉന്നയിച്ചതിനാണ് തന്നെ അയോഗ്യനാക്കിയതെന്ന് രാഹുല്‍ ഗാന്ധി. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപിച്ച 20000 കോടി രൂപ ആരുടേതാണെന്നും മോദിയും അദാനിയും തമ്മിലുള്ള ബന്ധം എന്താണെന്നുമാണ് താന്‍ പാര്‍ലമെന്‍റില്‍ ചോദിച്ചത്. തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ഉന്നയിച്ചത്. എന്നാല്‍ തന്‍റെ പരാമര്‍ശങ്ങള്‍ സഭാരേഖകളില്‍ നിന്ന് നീക്കം ചെയ്യപ്പെടുകയാണുണ്ടായത്. ഇപ്പോള്‍ തന്നെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയ നടപടിയും പ്രധാനമന്ത്രിയുടെ ഭീതിയില്‍ നിന്നാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. ഭീഷണിപ്പെടുത്തിയും അയോഗ്യനാക്കിയും തന്നെ നിശബ്ദനാക്കാമെന്ന് കരുതേണ്ടെന്നും ജനാധിപത്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

“അദാനിയെക്കുറിച്ച് ഒറ്റ ചോദ്യം മാത്രമാണ് ഞാൻ ഉന്നയിച്ചത്. അദാനി ഷെൽ കമ്പനിയിൽ നിക്ഷേപിച്ച 20,000 കോടി രൂപ ആരുടേതാണ്? മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്താണ്? തെളിവു സഹിതമാണ് ഈ ചോദ്യം സഭയില്‍ ഉന്നയിച്ചത്. അദാനിയും മോദിയും തമ്മിലുള്ള ബന്ധം ആഴമുള്ളതും പഴയതുമാണ്. ഈ ബന്ധം സഭയിൽ ഉന്നയിച്ചതിനാണ് അയോഗ്യനാക്കിയത്. അയോഗ്യനാക്കിയും ഭീഷണിപ്പെടുത്തിയും എന്നെ നിശബ്ദനാക്കാമെന്നു കരുതേണ്ട. മോദി-അദാനി ബന്ധം ഒരിക്കൽ പുറത്തുവരിക തന്നെ ചെയ്യും. അതിനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം” – രാഹുൽ ഗാന്ധി വ്യക്തമാക്കി.

അദാനിയും പ്രധാനമന്ത്രിയുമായുള്ള ബന്ധം തെളിയിക്കാൻ ഇരുവരും ഒന്നിച്ചുള്ള ചിത്രം തെളിവായി കാണിച്ചു. എന്നാൽ പ്രസംഗം സഭാരേഖകളിൽനിന്ന് നീക്കുകയാണ് ചെയ്തത്. ഇതിനെതിരെ സ്പീക്കർക്ക് പലതവണ കത്തു നൽകിയെങ്കിലും നടപടിയുണ്ടായില്ല. വിദേശരാജ്യങ്ങളുടെ ഇടപെടൽ ആവശ്യപ്പെട്ടുവെന്ന് മന്ത്രിമാർ പാർലമെന്‍റിൽ കള്ളം പറഞ്ഞു. താന്‍ അങ്ങനെ ചെയ്തിട്ടില്ല എന്നതാണ് വാസ്തവം. ഇന്ത്യയിൽ ജനാധിപത്യത്തിനു നേരെ ആക്രമണം നടക്കുന്നു എന്നത് വാസ്തവമല്ലേയെന്നും അതിന്‍റെ തെളിവുകൾ ദൈനംദിനം ലഭിച്ചുകൊണ്ടിരിക്കുകയല്ലേയെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

രാജ്യത്തിന്‍റെ ജനാധിപത്യ സ്വഭാവം നിലനിർത്താനാണ് തന്‍റെ പോരാട്ടമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനാധിപത്യ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതും  രാജ്യത്തെ സാധാരണക്കാരായ ജനങ്ങളുടെ ശബ്ദത്തിനായി നിലകൊള്ളുന്നതും അതിന്‍റെ ഭാഗമാണ്. നരേന്ദ്ര മോദി സർക്കാരിനെ സംബന്ധിച്ച് രാജ്യമെന്നാൽ അദാനിയും അദാനിയെന്നാൽ രാജ്യവുമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. എഐസിസി ആസ്ഥാനത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു രാഹുല്‍ ഗാന്ധി.