പിണറായിയെ ഡല്‍ഹിയിലും കരിങ്കൊടി കാട്ടും; പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാമെന്ന് ബി.വി. ശ്രീനിവാസ്

Jaihind Webdesk
Tuesday, January 9, 2024

 

ന്യൂഡൽഹി: പിണറായി വിജയനെ ഡൽഹിയിലും കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ പ്രസിഡന്‍റ് ബി.വി. ശ്രീനിവാസ്. പ്രതിഷേധം എന്താണെന്ന് കാണിച്ചുതരാമെന്നും ശ്രീനിവാസ് പറഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടത്തിലിനെതിരായ പിണറായി സർക്കാരിന്‍റെ നടപടിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണിത്. ജനാധിപത്യത്തിൽ വിയോജിപ്പ് ഒരു അവകാശമാണ്, കുറ്റമല്ല. കേരള സർക്കാർ പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് രാഷ്ട്രീയ പകപോക്കൽ നടത്തുകയാണെന്നും ബി.വി. ശ്രീനിവാസ് പറഞ്ഞു.

നവകേരള യാത്രയ്ക്കിടെ ഡിവൈഎഫ്ഐ പ്രവർത്തകരും മുഖ്യമന്ത്രിയുടെ ഗൺമാന്‍മാരും ചേർന്ന് പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധായിരുന്നു യൂത്ത് കോൺഗ്രസിന്‍റെ സെക്രട്ടേറിയറ്റ് മാർച്ച്. സമരത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസെടുത്തത്. രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിൽ എംഎൽഎയും കണ്ടാലറിയാവുന്ന അഞ്ഞൂറോളം യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതികളാണ്. നേരത്തെ 24 ഓളം യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ചൊവ്വാഴ്ച പുലർച്ചെയോടെയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ വീടുവളഞ്ഞ് പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇതിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധമാണ് ഉയർന്നത്. വിവിധ ജില്ലകളിൽ യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. നാളെ സെക്രട്ടേറിയറ്റ് മാർച്ച് നടത്തുമെന്നും യൂത്ത് കോണ്‍ഗ്രസ് അറിയിച്ചു.