തെലങ്കാന: മുസ്ലീങ്ങളുടെ തല വെട്ടുമെന്ന ഭീഷണിയുമായി ആദിലാബാദില്നിന്നുള്ള ബി.ജെ.പി എം.പി സോയം ബാപ്പു. എം.പിയുടെ ഭീഷണിക്കും വിവാദ പരാമര്‍ശത്തിനുമെതിരെ നേതാക്കള്‍ പോലീസില്‍ പരാതി നല്കി. കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്‍ ജില്ലാ പ്രസിഡന്റ് സാജിദ് ഖാന്റെ നേതൃത്വത്തില്‍ ആദിലാബാദ് എ.എസ്.പി കാഞ്ച മോഹനാണ് പരാതി നല്‍കിയത്.
തെലങ്കാനയിലെ ആദിവാസി മേഖലയില്‍ മുസ്ലിം യുവാക്കള്‍ ആദിവാസി സ്ത്രീകളെ അപമാനിക്കുന്നുണ്ടെന്നായിരുന്നു സോയം ബാപ്പുവിന്റെ ആരോപണം. മുസ്ലീം യുവാക്കളുടെ തല വെട്ടുമെന്നും ബി.ജെ.പി എം.പി ഭീഷണിപ്പെടുത്തി. സോയം ബാപ്പു തന്റെ വിവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
സോയം ബാപ്പുവിന്റെ പരാമര്‍ശത്തെ കോണ്‍ഗ്രസ് നേതാവ് സാജിദ് ഖാന് അപലപിച്ചു. പരാമർശം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വെല്ലുവിളിയാണെന്നും ഇത് ഒരു എം.പിക്ക് ചേര്‍ന്നതല്ലെന്നും സാജിദ് ഖാന് കുറ്റപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കടന്നാക്രമിച്ച് തെലങ്കാന രാഷ്ട്രസമിതിയും രംഗത്തെത്തി. എല്ലാവര്‍ക്കുമൊപ്പം എന്ന് പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാര്‍ട്ടിയിലെ തന്നെ എം.പിയാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയിരിക്കുന്നതെന്ന് ടി.ആര്.എസ് നേതാവ് എം കൃഷങ്ക് പരിഹസിച്ചു.
ഇതാദ്യമായല്ല ഒരു ബി.ജെ.പി എം.പി ന്യൂനപക്ഷങ്ങളെ കടന്നാക്രമിക്കുന്നത്. 2018 ജൂലൈയില്‍ അംബേദ്കർ നഗറിലെ ബി.ജെ.പി എം.പി ഹരി ഓം പാണ്ഡെയുടെ പരാമര്‍ശവും വിവാദത്തിന് വഴിവെച്ചിരുന്നു. മുസ്ലിം ജനസംഖ്യ വര്‍ധനവ് കാരണമാണ് ഇന്ത്യയിൽ ബലാത്സംഗം, കൊലപാതകം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങൾക്ക് വര്‍ധിക്കുന്നതെന്നായിരുന്നു ഹരി ഓം പാണ്ഡെയുടെ വിവാദ പരാമര്‍ശം.