വന്യജീവി ആക്രമണം; ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടിയെടുക്കണം; കെ.സി വേണുഗോപാൽ എം.പി

Jaihind Webdesk
Wednesday, May 24, 2023

ന്യൂഡല്‍ഹി: കേരളത്തിൽ ജനവാസ മേഖലകളിൽ വന്യജീവികളുടെ ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ ശാസ്ത്രീയ പഠനം നടത്തി ആവശ്യമായ നടപടികൾ സ്വീകരിക്കണം എന്നാവശ്യപ്പെട്ടു എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി കേന്ദ്ര വനം, പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിന് കത്ത് നൽകി.

വനംവകുപ്പ് പുറത്തിറക്കിയ 2020-21 ലെ അഡ്മിനിസ്‌ട്രേഷൻ റിപ്പോർട്ട് പ്രകാരം കേരളത്തിൽ 8017 മനുഷ്യ-വന്യജീവി സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ 637 പേരാണ് വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ 18 മാസത്തിനിടെ 123 മനുഷ്യജീവനുകളും നഷ്ടമായി. കാട്ടാന കാട്ടുപോത്ത് തുടങ്ങിയവ ജനവാസമേഖലകളിൽ ഇറങ്ങുന്നത് പതിവ് കാഴ്ചയായി. സമീപ ദിവസങ്ങളിൽ കോട്ടയം, കൊല്ലം ജില്ലകളിൽ കാട്ടുപന്നിയുടെയും കടുവയുടെയും ആക്രമണത്തിൽ മൂന്നു പേരും മരണപ്പെട്ടു.

വന്യജീവികളുടെ ആക്രമണത്തിൽപ്പെട്ട ദുരിതബാധിതരായ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തിനായുള്ള 8000-ത്തോളം അപേക്ഷകൾ ഇപ്പോഴും തീർപ്പാക്കാതെ കിടക്കുന്നുവെന്നും കെ.സി വേണുഗോപാൽ കത്തിൽ ചൂണ്ടിക്കാട്ടി.