വന്യജീവിയാക്രമണം: സര്‍ക്കാരിനെതിരെ സീറോ മലബാര്‍ സഭ. നിലപാടില്ലാത്ത മന്ത്രിമാര്‍ രാജി വയ്ക്കണം

Jaihind News Bureau
Thursday, February 13, 2025

കോട്ടയം: സർക്കാരിനും വനംവകുപ്പിനുമെതിരെ ആഞ്ഞടിച്ച് സീറോ മലബാർ സഭ നേതൃത്വം. വന്യജീവി ആക്രമണത്തിൽ വ്യക്തമായ നിലപാട് സ്വീകരിക്കാത്ത സർക്കാരും മന്ത്രിമാരും രാജിവെക്കണമെന്നാണ് ബിഷപ്പുമാർ ആവശ്യപ്പെടുന്നത്. ഇന്ത്യൻ ഫാർമേഴ്സ് മൂവ്‌മെന്‍റ് ‌സ്റ്റേറ്റ് അസംബ്ലിയിൽ വെച്ചായിരുന്നു സീറോ മലബാർ സഭയിലെ ബിഷപ്പുമാർ സർക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്.

തുടർച്ചയായി ഉണ്ടാകുന്ന വന്യജീവി ആക്രമണത്തിന്‍റെ ഉത്തരവാദിത്തം സ്വയം ഏറ്റെടുത്ത് വനം മന്ത്രി രാജിവയ്ക്കണമെന്ന് ഇൻഫാം ദേശീയ രക്ഷാധികാരിയുമായ മാർ റെമീജിയോസ് ഇഞ്ചനാനിയിൽ ആവശ്യപ്പെട്ടു. മനുഷ്യന് ജീവിക്കാനുള്ള അവകാശം തിരസ്കരിക്കുന്ന നിലപാടാണ് സർക്കാരിന് എന്ന് ബിഷപ്പുമാർ കുറ്റപ്പെടുത്തി. കർഷകരെ ആക്രമിക്കുന്ന സമീപനമാണ് വനംവകുപ്പ് സ്വീകരിക്കുന്നത് എന്നും ബിഷപ്പുമാർ കൂട്ടിച്ചേർത്തു. അതേസമയം, വന്യജീവി ആക്രമണം തടയാൻ ക്രിയാത്മക നടപടികൾ സ്വീകരിക്കാത്ത സർക്കാരും മന്ത്രിമാരും രാജിവയ്ക്കണമെന്ന് ബിഷപ്പുമാർ ആവശ്യം ശക്തമാക്കി. താമരശ്ശേരി  രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കൽ എന്നിവരാണ് ഇൻഫാമില്‍ (ഇന്ത്യൻ ഫാർമേഴ്സ് മൂവ്‌മെന്റ്റ ‌സ്റ്റേറ്റ് അസംബ്ലി) സർക്കാരിനെതിരെ രൂക്ഷമായി പ്രതികരിച്ചത്.

വന്യജീവികൾ നാട്ടിലിറങ്ങി മനുഷ്യരെ ആക്രമിക്കുന്നതിന്‍റെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കണമെന്നും അല്ലാത്തപക്ഷം രാജിവച്ചു പുറത്തുപോകണമെന്നും മാർ ജോസ് പുളിക്കൽ ആവശ്യപ്പെട്ടു. ആക്രമണങ്ങളിൽ വനംവകുപ്പിനും കൃഷിവകുപ്പിനും ആഭ്യന്തര വകുപ്പിനും ഉത്തരവാദിത്തമുണ്ട്. കുറച്ചു തുക നഷ്ടപരിഹാരമായി നൽകിയതു കൊണ്ട് ഉത്തരവാദിത്തം തീരുന്നില്ലന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വന്യമൃഗ ആക്രമണത്തിന് ശാശ്വത പരിഹാരം കാണാത്ത സർക്കാർ നടപടി അപലപനീയമാണെന്ന് മാർ മാത്യു അറയ്ക്കൽ പറഞ്ഞു. സർക്കാരും ഉദ്യോഗസ്‌ഥരും ഉത്തരവാദിത്തോടെ ഇടപെട്ട് നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാരിനും വനം വകുപ്പിനും എതിരെ കടുത്ത വിമർശനമാണ് ഇപ്പോൾ സീറോ മലബാർ സഭ നേതൃത്വം ഉന്നയിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിൽ സർക്കാരിന്‍റെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടിയായിരുന്നു സീറോ മലബാർ സഭയുടെ കുറ്റപ്പെടുത്തൽ. കൃഷിയിടങ്ങളിൽ ഉൾപ്പെടെയുള്ള വന്യജീവികളുടെ കടന്നുകയറ്റത്തെ തടയാൻ സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല തുടങ്ങിയ വിഷയങ്ങളിൽ കടുത്ത അതൃപ്തിയാണ് സഭാ നേതൃത്വത്തിന് ഉള്ളത്.