വയനാട്: വയനാട് മാനന്തവാടിയിലെ ജനവാസ മേഖലയിലിറങ്ങിയ ബേലൂര്‍ മഖ്നയെന്ന ആനയെ പിടികൂടാനുള്ള നടപടികൾ നീളാൻ സാധ്യതയെന്ന് അധികൃതർ. ആന സ്ഥാനം മാറിയിരിക്കുകയാണ്. മണ്ണുണ്ടി കോളനി പരിസരത്തേക്ക് നീങ്ങിയതായാണ് വനംവകുപ്പ് അധികൃതർ അറിയിക്കുന്നത്. സാഹചര്യം എല്ലാം അനുകൂലമായാൽ മാത്രമേ ആനയെ മയക്കുവെടി വെക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ ആനയുടെ സിഗ്നൽ വനംവകുപ്പിന് ലഭിച്ചിരുന്നു. കാട്ടിക്കുളം-ബാവലി റോഡിലെ ആനപ്പാറ വളവിന് അകത്താണ് ആനയുളളതെന്നാണ് ഒടുവിൽ ലഭിച്ച വിവരം.
ഇന്നലെ രാവിലെയായിരുന്നു മാനന്തവാടിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ നടന്ന നാട്ടുകാരുടെ പ്രതിഷേധത്തിന് ഒടുവിലാണ് ആനയെ മയക്കുവെടിവയ്ക്കാനുള്ള ഉത്തരവിറക്കിയത്.