തണ്ണീർക്കൊമ്പന്‍റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റുകളേറ്റ പാട്; ദൗത്യം വിശകലനം ചെയ്യാൻ അഞ്ചംഗ സമിതിയെ നിയോഗിച്ചു

വയനാട്: വയനാട് മാനന്തവാടിയിൽ വനംവകുപ്പ് മയക്കുവെടിവച്ച്‌ രാമപുരത്ത് എത്തിച്ചപ്പോള്‍ ചരിഞ്ഞ തണ്ണീർക്കൊമ്പന്‍റെ ശരീരത്തില്‍ ധാരാളം പെല്ലെറ്റ് കൊണ്ട പാടുകള്‍ ഉണ്ടെന്ന് വനംവകുപ്പ്. കൃഷിയിടത്തിലോ ജനവാസ മേഖലയിലോ എത്തിയപ്പോള്‍ കൊണ്ടതാകാം എന്നാണ് നിഗമനം. സമ്മർദത്തെ തുടർന്നുണ്ടായ ഹൃദയാഘാതം മരണകാരണമായെന്നാണ്
പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക കണ്ടെത്തൽ.

വയനാട് മാനന്തവാടിയെ വിറപ്പിച്ച കാട്ടാന തണ്ണീർക്കൊമ്പൻ ഇന്നലെ രാവിലെയാണ് ബന്ദിപ്പൂരിലെ രാമപുര ആന ക്യാമ്പിൽ ചരി‍ഞ്ഞത്. ശ്വാസകോശവും ഹൃദയവും ഒരുമിച്ചു നിലച്ചതാണ് മയക്കുവെടി വച്ചു പിടികൂടിയ തണ്ണീർക്കൊമ്പന്‍റെ മരണകാരണം എന്നാണ് കർണാടക വനംവകുപ്പ് അറിയിച്ചത്.  ആനയുടെ ഇടത് തുടയില്‍ ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. മയക്കുവെടി വെക്കുന്നതിന് മുമ്പ് ആനക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിലും വ്യക്തമാണ്. നാഗർഹോളെയിൽ നിന്ന് തിരുനെല്ലി കാട്ടിലൂടെ എത്തിയ കൊമ്പനെ പതിനേഴര മണിക്കൂര്‍ നീണ്ട ദൗത്യത്തിനൊടുവിൽ മയക്കുവെടി വെച്ചായിരുന്നു പിടികൂടിയത്.

അതെ സമയം തണ്ണീർ കൊമ്പനെ കേരള വനമേഖലയിൽ കണ്ടപ്പോൾ തന്നെ, കേരള കർണാടക വനംവകുപ്പുകൾ തമ്മിൽ ആശയ വിനിമയം നടത്തിയിരുന്നതായി വനം വകുപ്പ് വ്യക്തമാക്കി.  കൃത്യമായ ലൊക്കേഷൻ സിഗ്നൽ പല ഘട്ടങ്ങളിലും ലഭിച്ചില്ലെന്നും ഇതാണ് ട്രാക്ക് ചെയ്യാൻ തടസ്സമായതെന്നും ആണ് വനംവകുപ്പിന്‍റെ വാദം. എന്നാൽ ആനയെ ട്രാക്കു ചെയ്തു കാട്ടിലേക്ക് തുരത്തുന്നതില്‍ വീഴ്ചയുണ്ടായോ എന്നതടക്കം പരിശോധിക്കേണ്ടതുണ്ട്. വനംവകുപ്പ് തണ്ണീർക്കൊമ്പൻ ദൗത്യം വിശകലനം ചെയ്യാൻ അഞ്ചംഗം വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഈസ്റ്റേണ്‍ സർക്കിള്‍ ചീഫ് കണ്‍സർവേറ്റർ വിജയാനന്ദ് ആണ് മേധാവി. ഒരു മാസത്തിനകം റിപ്പോർട്ട് നല്‍കാനാണ് നിർദേശം.

Comments (0)
Add Comment