കല്ലാർ എസ്റ്റേറ്റില്‍ പടയപ്പയുടെ പരാക്രമം; ഓട്ടോറിക്ഷ തകർത്തു

Jaihind Webdesk
Thursday, March 7, 2024

 

മൂന്നാർ: കല്ലാർ എസ്റ്റേറ്റിൽ കാട്ടാന പടയപ്പയുടെ ആക്രമണം. കലിയിളകിയ കാട്ടാന ഓട്ടോ തകർത്തു. ആർആർടി അംഗങ്ങളും നാട്ടുകാരും ചേർന്നു പടയപ്പയെ തുരത്തി കാടുകയറ്റി. പടയപ്പയ്ക്ക് പിന്നാലെ നടയാർ നോർത്ത് ഡിവിഷനില്‍ ഒറ്റക്കൊമ്പന്‍ എന്നു വിളിപ്പേരുള്ള കാട്ടാനയും ഇറങ്ങി. ഇതിനെയും കാട്ടിലേക്ക് തുരത്തി ഓടിച്ചു. അതിരപ്പിള്ളി തുമ്പൂര്‍മൂഴി എണ്ണപ്പന തോട്ടത്തിലും ഇന്ന് കാട്ടാന ഇറങ്ങിയിരുന്നു. ചാലക്കുടി – അതിരപ്പിള്ളി പാതയ്ക്കരികിലുള്ള തോട്ടത്തില്‍ രണ്ടു കാട്ടാനകളാണ് എത്തിയത്. കാട്ടാന ഉള്‍പ്പെടെയുള്ള വന്യജീവി ശല്യം പ്രദേശത്ത് രൂക്ഷമാണ്. തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളില്‍ പ്രാണഭയത്തിലാണ് പ്രദേശവാസികള്‍.

ഒരാഴ്ച മുമ്പ് മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമന്‍റുമായി വന്ന ലോറി പടയപ്പ തടഞ്ഞിരുന്നു. ഹെയർപിന്‍ വളവില്‍ പടയപ്പ ലോറിയുമായി കൊമ്പുകോർത്തതോടെ തോട്ടം തൊഴിലാഴികള്‍ ബഹളം വെച്ചു. ഇതോടെയാണ് പടയപ്പ പിന്തിരിഞ്ഞത്. ഭക്ഷണം തേടി ജനവാസമേഖലയിലെത്തുന്നത് പടയപ്പ പതിവാക്കിയിരിക്കുകയാണ്. സമീപകാലത്ത് നിരവധി കടകളും പടയപ്പ തകർത്തിരുന്നു.

*file images