ആശങ്ക ഒഴിയുന്നു; തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ചു

Jaihind Webdesk
Friday, February 2, 2024

വയനാട്:  വയനാട് മാനന്തവാടിയില്‍  ജനവാസമേഖലയിൽ ഇറങ്ങി ഭീതി പരത്തിയ  തണ്ണീർക്കൊമ്പനെ മയക്കുവെടിവെച്ചു. ആദ്യ  ഡോസ് മയക്കുവെടിയാണ് വെച്ചത്.  ആന മയങ്ങിത്തുടങ്ങിയിട്ടുണ്ട്.

നേരത്തെ തന്നെ ആനയെ മയക്കുവെടിവെയ്ക്കാൻ വനം വകുപ്പ്  ഉത്തരവിട്ടിരുന്നു. കുങ്കിയാനകളെ ഉപയോഗിച്ച് ആനയെ കാട്ടിലേക്കു തുരത്താൻ ശ്രമിക്കണമെന്നും ഇതു വിജയിച്ചില്ലെങ്കിൽ മയക്കുവെടിവച്ചു പിടികൂടി ബന്ദിപൂർ വനത്തിൽ തുറന്നുവിടാനുമാണ് ഉത്തരവ്. പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി. ജയപ്രസാദാണ് ഉത്തരവിറക്കിയത്.

അതേസമയം കാട്ടാന ജനവാസ മേഖലയിൽ തന്നെ ഏറെ മണിക്കൂറുകളോളം ആണ്  തുടർന്നത്. കാട്ടാനയിറങ്ങിയതിനെത്തുടര്‍ന്ന് മാനന്തവാടിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. റേഡിയോ കോളർ ഘടിപ്പിച്ച ആന ഇന്ന് പുലർച്ചെയാണ് ജനവാസമേഖലയിൽ ഇറങ്ങിയത്. കർണാടകയിലെ ഹാസനിൽ നിന്ന് പിടികൂടി മൂലഹൊള്ളയിൽ തുറന്നുവിട്ട ‘തണ്ണീർ’ എന്ന ആനയാണ് മാനന്തവാടിയിലെത്തിയത്. 20 വയസിന് താഴെ പ്രായമുള്ള കൊമ്പന്‍ കര്‍ണാടക വനമേഖലയില്‍ നിന്നുമാണ് വയനാട്ടിലെത്തിയത്. ഹാസൻ ഡിവിഷന് കീഴില്‍ ഇക്കഴിഞ്ഞ ജനുവരി 16ന് മയക്കുവെടിവെച്ച് പിടികൂടി റേഡിയോ കോളര്‍ ഘടിപ്പിച്ച് കാട്ടില്‍ വിട്ടിരുന്നതാണ്. പതിവായി കാപ്പിത്തോട്ടങ്ങളിലിറങ്ങി ഭീതി പരത്തിയിരുന്ന കാട്ടാന ഇതുവരെയും ആരെയും ഉപദ്രവിച്ചതായി വിവരമില്ല.