ധോണിയില്‍ കാട്ടാനയിറങ്ങി; വീടിന്‍റെ മുന്‍വശം തകര്‍ത്തു, ആനയെ കാട് കയറ്റി

Jaihind Webdesk
Tuesday, January 2, 2024

പാലക്കാട്: പാലക്കാട് ധോണിയില്‍ കാട്ടാനയിറങ്ങി. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു ആനയിറങ്ങിയത്. കാട്ടാന നാട്ടുകാരെ ഓടിക്കുകയും ഒരു വീടിന്റെ മുന്‍വശം തകര്‍ക്കുകയും ചെയ്തു. ഒടുവില്‍ വനപാലകരെത്തിയാണ് ആനയെ കാട് കയറ്റിയത്. കഴിഞ്ഞ ദിവസവും സമാനമായി ധോണിയില്‍ ഒറ്റയാന ഇറങ്ങിയിരുന്നു. ധോണി സ്വദേശി മോഹനന്റെ വയലിലാണ് ആന ഇറങ്ങിയത്. തുടര്‍ന്ന് പ്രദേശത്തെ ഒരേക്കറിനടുത്ത് കൃഷി ആന നശിപ്പിച്ചു. അകത്തേത്തറ പഞ്ചായത്തിലെ ക്വാറിക്ക് സമീപത്തെ കൃഷിയിടത്തിലാണ് ഒറ്റയാന ഇറങ്ങിയത്. പുലര്‍ച്ചെ അഞ്ച് മണിയോടെ എത്തിയ കാട്ടാന കമ്പിവേലി തകര്‍ത്ത് കൃഷിയിടത്തിലേക്ക് പ്രവേശിച്ചു. ഒരേക്കര്‍ നെല്‍കൃഷി പൂര്‍ണമായും നശിപ്പിച്ചു. നെല്ല് കൊയ്യാന്‍ ഒരാഴ്ച മാത്രം ബാക്കി നില്‍ക്കേ ആയിരുന്നു ഒറ്റയാന്റെ പരാക്രമം.