തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു; ജഡം പുറത്തെടുക്കാനുള്ള ശ്രമം തുടരുന്നു

തൃശ്ശൂർ: തൃശ്ശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു. കിണറില്‍ വീണ ആനയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ആന ചരിഞ്ഞതായി മനസ്സിലാക്കിയത്. ആനയുടെ ജഡം പുറത്തെടുക്കാനുള്ള ശ്രമത്തിലാണിപ്പോള്‍.

തൃശ്ശൂര്‍ വെള്ളക്കാരിത്തടത്ത് ഇന്നലെ രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. മാന്ദാമംഗലം വെള്ളക്കാരിത്തടം ആനക്കുഴി കുരിക്കാശ്ശേരി സുരേന്ദ്രന്‍റെ വീട്ടുവളപ്പിലെ ആള്‍മറയില്ലാത്ത കിണറ്റിലാണ് കൊമ്പനാന വീണത്. ആനയെ കരക്കുകയറ്റാനുള്ള ശ്രമം നാട്ടുക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരടക്കം ചേര്‍ന്ന് ചെയ്യുകയായിരുന്നു. കിണറിനു സമീപത്തെ മണ്ണിടിച്ച് വഴിയൊരുക്കാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയായിരുന്നു.

ആനയ്ക്ക് അനക്കമില്ലെന്ന് കാണുകയും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കടക്കം സംശയം തോന്നുകയും ചെയ്തിരുന്നു. തുടർന്ന് പരിശോധിച്ചപ്പോഴാണ് ആന ചരിഞ്ഞതായി മനസിലാക്കിയത്. അബദ്ധത്തില്‍ ആന വീഴുകയായിരുന്നു. കാടിനോട് ചേര്‍ന്ന പ്രദേശമായതിനാല്‍ പ്രദേശത്ത് ആനശല്യം രൂക്ഷമാണ്.

Comments (0)
Add Comment