WILD ELEPHANT ATTACK|കോഴിക്കോട് വീണ്ടും കാട്ടാന ആക്രമണം: രണ്ടു പേര്‍ക്ക് പരിക്ക്

Jaihind News Bureau
Saturday, July 19, 2025

കോഴിക്കോട് കാവിലം പാറയില്‍ വീണ്ടും കാട്ടാന ആക്രമണം. കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. കാവിലുംപാറ പഞ്ചായത്തിലെ കരിങ്ങാട് മുട്ടിച്ചിറ തങ്കച്ചന്‍, ഭാര്യ ആനി എന്നിവരെയാണ് വീട്ടുമുറ്റത്ത് നിന്ന് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാവിലുംപാറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് നാലേമുക്കാലോടു കൂടിയായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. കാട്ടാന കുട്ടിയാണ് ആക്രമണം നടത്തിയത്.

കാട്ടാന ഇവരുടെ വീട്ടുമുറ്റത്തെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞു വെച്ചു. തൊട്ടില്‍പ്പാലം കരിങ്ങാട് എസ്.എന്‍.ഡി.പി റോഡില്‍ വെച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ആഴ്ചകളോളമായി ഭീതി പരത്തുന്ന അക്രമകാരിയായ ആനയെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റണമെന്നും നടപടികള്‍ക്കായി ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തണം ആവശ്യപ്പെട്ടാണ് നാട്ടുകാരുടെ പ്രതിഷേധം. ചൂരണി, കരിങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ കാട്ടാന അക്രമണവും വന്യജീവികളുടെ അക്രമണവും നിരന്തര സംഭവമാണ്.