കാട്ടാന ആക്രമണം: പോളിന്‍റെ മൃതദേഹവുമായി പുല്‍പ്പള്ളിയില്‍ പ്രതിഷേധം; ഹർത്താല്‍ പുരോഗമിക്കുന്നു

Jaihind Webdesk
Saturday, February 17, 2024

 

മാനന്തവാടി: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പോളിന്‍റെ മൃതദേഹം പുൽപ്പള്ളി ടൗണിൽ എത്തിച്ചു. മൃതദേഹവുമായി നൂറുകണക്കിന് നാട്ടുകാർ പ്രതിഷേധിക്കുന്നു. ഉന്നയിച്ച നാല് ആവശ്യങ്ങളിൽ ഉറപ്പുലഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇിതനുശേഷം മാത്രമേ മൃതദേഹം മാറ്റുകയുള്ളൂ എന്ന നിലപാടിലാണ് പ്രതിഷേധക്കാർ. മൃതദേഹം വിലാപയാത്രയായി പാക്കത്തെ വീട്ടിൽ എത്തിക്കും. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് വയനാട് കളക്ടറേറ്റിന് മുന്നിൽ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്.

ഐ.സി. ബാലകൃഷ്ണന്‍ എംഎല്‍എയുടെ നേതൃത്വത്തിലാണ് പോളിന്‍റെ മൃതദേഹം പുൽപ്പള്ളിയില്‍ ആംബുലൻസിൽ എത്തിച്ചത്. സംസ്കാരം വൈകിട്ട് മൂന്നു മണിക്കാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്നലെ രാത്രിയോടെ തന്നെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു. ഇന്നലെ രാത്രി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം പൂർത്തിയാക്കിയിരുന്നു. നഷ്ടപരിഹാരം, കുടുംബത്തിൽ ഒരാൾക്ക് ജോലി തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിച്ചാലെ മൃതദേഹം ഏറ്റുവാങ്ങൂ എന്ന നിലപാടിലാണ് ബന്ധുക്കൾ.

ഇന്നലെ രാവിലെയാണ് വനം വകുപ്പിന്‍റെ ഇക്കോ ടൂറിസം സെന്‍ററിലെ താൽക്കാലിക ജീവനക്കാരനായിരുന്ന പോളിനെ കുറുവ ദ്വീപിന് സമീപത്തുവെച്ച് കാട്ടാന ആക്രമിച്ചത്. ആദ്യം മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറുവദ്വീപിലേക്കുള്ള വഴിയിൽ വനത്തിനുള്ളിലെ ചെറിയമല ജംക്‌ഷനിൽ വെച്ചായിരുന്നു പോളിനെ കാട്ടാന ആക്രമിച്ചത്. പടമല ചാലിഗദ്ദയിൽ അജീഷിനെ ആന ചവിട്ടിക്കൊന്ന സ്ഥലത്തുനിന്ന് 7 കിലോമീറ്റർ മാത്രം അകലെയാണ് പോള്‍ ആക്രമിക്കപ്പെട്ടത്.

അതേസമയം വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ആഹ്വനം ചെയ്ത ഹർത്താൽ വയനാട്ടിൽ പുരോഗമിക്കുകയാണ്. അതിനിടെ മാനന്തവാടി പടമലയിൽ കർഷകനായ അജീഷിനെ ആക്രമിച്ചു കൊലപ്പെടുത്തിയ മോഴയാനയെ പിടിക്കാനുള്ള ദൗത്യം ഇന്ന് ഏഴാം ദിവസത്തിലാണ്. കഴിഞ്ഞയാഴ്ച ഇതേ ദിവസമാണ് ബേലൂർ മഖ്‌ന അജീഷിന്‍റെ ജീവനെടുത്തത്. കാടിളക്കി തിരഞ്ഞിട്ടും മയക്കുവെടിക്ക് ഉചിതമായ സാഹചര്യം കിട്ടുന്നില്ലെന്നാണ് ദൗത്യസംഘം പറയുന്നത്.