പത്തനംതിട്ട: പത്തനംതിട്ട തുലാപ്പള്ളിയിൽ വീടിന് സമീപം ഇറങ്ങിയ കാട്ടാനയെ തുരത്താനുള്ള ശ്രമത്തിനിടെ ആനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടി തുലാപ്പള്ളി പമ്പാവാലി ആലപ്പാട്ടുകവല വട്ടപ്പാറ പി.ആര്‍.സി മലയില്‍ കുടിലിൽ ബിജുവാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്.
വീടിന്‍റെ മുറ്റത്ത് തെങ്ങ് മറിച്ചിടുന്ന ശബ്ദം കേട്ട് ബിജു ആനയെ ഓടിക്കാന്‍ ഇറങ്ങിയതായിരുന്നു. വീടിന് അമ്പതുമീറ്റര്‍ അകലെയായി ആന ബിജുവിനെ ആക്രമിക്കുകയായിരുന്നു. വിവരമറിഞ്ഞ് പമ്പ പോലീസും, കണമല വനം സ്റ്റേഷനിലെ ഉദ്ദ്യോഗസ്ഥരും സ്ഥലത്ത് എത്തി. തടിച്ചു കൂടിയ നാട്ടുകാര്‍ മൃതദേഹം സ്ഥലത്തു നിന്നും മാറ്റാന്‍ പോലീസിനെ അനുവദിച്ചില്ല. കളക്ടര്‍ അടക്കമുള്ള അധികൃതര്‍ സ്ഥലത്തെത്തണമെന്നായിരുന്നു ആവശ്യം. എന്നാൽ സംഭവത്തിൽ ആശ്രിതർക്ക് നഷ്ടപരിഹാരവും ജോലിയും ജില്ലാ കളക്ടർ ഉറപ്പ് നൽകി വിഷയങ്ങളിൽ 24 മണിക്കൂറിനുള്ളിൽ തീരുമാനം ഉണ്ടാകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. 10 ലക്ഷം രൂപ നഷ്ട പരിഹാരവും കുടുംബാംഗത്തിന് ജോലിയും കളക്ടർ പ്രേം കൃഷ്ണൻ ഉറപ്പ് നൽകി. ഫെൻസിങ് അടക്കമുള്ളവ സ്ഥാപിക്കുന്നത് സംബന്ധിച്ച് ഡി എഫ് ഒ എത്തിയ ശേഷം തീരുമാനം ഉണ്ടാകും. കോട്ടയം മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടക്കുക.