കാട്ടാന ശല്യത്തില്‍ ജീവിതം വഴിമുട്ടി ഒരു കൂട്ടം മനുഷ്യർ; അധികാരികളുടെ കണ്ണുതുറപ്പിക്കാന്‍ റിലേ നിരാഹാര സമരം

 

വയനാട്: കാട്ടാന ശല്യം രൂക്ഷമായതോടെ ജീവിതം വഴിമുട്ടിയ നിലയിലാണ് തമിഴ്നാട് നീലഗിരി ജില്ലയിലെ ഒരു കൂട്ടം മനുഷ്യർ. വയനാടുമായി അതിർത്തി പങ്കിടുന്ന പ്രദേശത്തെ താമസക്കാരിലധികവും മലയാളികളാണ്. കേരള സർക്കാരിന്‍റെയോ തമിഴ്നാട് സർക്കാരിന്‍റെയോ ശ്രദ്ധ എത്താത്ത ഇവർ കാട്ടാന ശല്യത്തിനെതിരെ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാര സമരം ഇന്ന് പതിനഞ്ചാം ദിവസത്തിലാണ്.

6 മണിക്ക് ശേഷം വീട്ടിൽ നിന്ന് പുറത്തിറങ്ങാൻ കഴിയില്ല, അത്യാവശ്യത്തിന് ഓട്ടോ വിളിച്ചാൽ പോലും എത്തുകയില്ല കാരണം എല്ലാവർക്കുമുള്ളത് ഒരേ പേടിയാണ്. പന്ത്രണ്ടോളം ആനകളാണ് ജനവാസ കേന്ദ്രത്തിലും പരിസര പ്രദേശങ്ങളിലുമായി മാസങ്ങളായി തമ്പടിച്ചിരിക്കുന്നത്. കുങ്കിയാനകളെ എത്തിച്ചും പടക്കം പൊട്ടിച്ചും ആനകളെ കാട് കയറ്റാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടതോടെ ജനങ്ങൾ നിരാഹാര സമരമാരംഭിച്ചു.

ദേവർശാേല അഞ്ചിക്കുന്ന് മാണിക്കല്ലാടി പ്രദേശങ്ങളിലെല്ലാം കാട്ടാന ശല്യം രൂഷമാണ്. കഴിഞ്ഞ ദിവസമാണ് കുള്ളി എന്ന ഈ ആദിവാസി അമ്മയുടെ മൂത്ത മകനെ ആന കൊല്ലാൻ ശ്രമിച്ചത്. ട്രഞ്ച് കീറി ഫെൻസിംഗ് ഏർപ്പെടുത്തി ആനകളെയെല്ലാം കാട്ടിലേക്ക് തുരത്തുക, ജനവാസ കേന്ദ്രങ്ങൾ ഉൾപ്പെടുത്തി ആനത്താര പദ്ധതി നടപ്പാക്കാനുള്ള സർക്കാർ നടപടി പിൻവലിക്കുക, ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേർപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഇവരുടെ സമരം. മലയാളികൾ ആണെന്ന കാരണത്താൽ തമിഴ്നാട് സർക്കാരും തമിഴ്നാട്ടിലാണെന്ന കാരണത്താൽ കേരള സർക്കാരും കാലങ്ങളായി തങ്ങളെ അവഗണിക്കുകയാണെന്നും ഇവർ പരാതിപ്പെടുന്നു.

Comments (0)
Add Comment