വന്യമൃഗ ആക്രമണം; പുല്‍പ്പള്ളിയില്‍ പ്രതിഷേധിച്ചവരെ അറസ്റ്റ് ചെയ്ത് പോലീസ്; കൂടുതല്‍ പേർക്കെതിരെ നടപടിയുണ്ടാകും

Jaihind Webdesk
Sunday, February 18, 2024

 

മാനന്തവാടി: പുല്‍പ്പള്ളിയിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റ് നടപടിയുമായി പോലീസ്. രണ്ടു പേരെയാണ് അറസ്റ്റ് ചെയ്തത്. കുറിച്ചിപ്പറ്റ സ്വദേശി ഷിജു കാഞ്ഞിരത്തിങ്കല്‍, പുല്‍‌പ്പള്ളി സ്വദേശി വാസു എന്നിവരുടെ അറസ്റ്റാണ് പോലീസ് രേഖപ്പെടുത്തിയത്. വനംവകുപ്പിന്‍റെ വാഹനം ആക്രമിച്ചെന്ന കേസിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. അക്രമത്തിന്‍റെ ഭാഗമായ കൂടുതല്‍ പേരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നും പോലീസ് പറഞ്ഞു. മേഖലയിലെ സിസി ടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നു.

സംഭവത്തിൽ കണ്ടാൽ അറിയാവുന്ന നൂറോളം പേർക്കെതിരെയാണ് ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സർക്കാർ വാഹനം നശിപ്പിക്കൽ, പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, മൃതദേഹം തടഞ്ഞുവെച്ചുള്ള പ്രതിഷേധം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

കാട്ടാന ആക്രമണത്തില്‍ ജനങ്ങളുടെ ജീവന്‍ നഷ്ടമാകുമ്പോഴും കാര്യക്ഷമമായ പ്രതിരോധ നടപടികള്‍ സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉണ്ടാകാത്തതിലുള്ള ജനരോഷമാണ് വയനാട് പുല്‍പ്പള്ളിയില്‍ കണ്ടത്. തങ്ങളുടെ ജീവന് സംരക്ഷണം നല്‍കണമെന്ന ആവശ്യം മാത്രമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. എന്നാല്‍ വന്യജീവി ആക്രമണം തുടർക്കഥയാകുമ്പോഴും ജീവനുകള്‍ പൊലിയുമ്പോഴും സർക്കാരിന്‍റെ ഭാഗത്തുനിന്ന് ഉദാസീനത തുടരുകയാണ്. കാടിറങ്ങുന്ന വന്യമൃഗങ്ങള്‍ മലയോരമേഖലയിലെ മനുഷ്യജീവനുകള്‍‍ കവരുന്നതിലെ പരിഭ്രാന്തിയില്‍ നിന്നുണ്ടായ ജനരോഷമാണ് അക്രമാസക്തമായത്. ഇതിലാണ് പോലീസ് അറസ്റ്റ് നടപടിയിലേക്ക് കടന്നിരിക്കുന്നത്.