വന്യജീവി ആക്രമണം; ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍, പ്രതിഷേധവുമായി നാട്ടുകാർ

Jaihind Webdesk
Tuesday, March 5, 2024

കോഴിക്കോട്: വന്യജീവി ആക്രമണത്തില്‍ ഇന്ന് പൊലിഞ്ഞത് രണ്ട് ജീവനുകള്‍. കോഴിക്കോട്  കക്കയത്ത് കാട്ടുപോത്തിന്‍റെ ആക്രമണത്തില്‍ കര്‍ഷകൻ മരിച്ചു. കക്കയം സ്വദേശി പാലാട്ടിൽ എബ്രഹാം എന്ന അവറാച്ചൻ ആണ് മരിച്ചത്. കക്കയം ഡാം സൈറ്റിന് സമീപത്തെ കൃഷിയിടത്തില്‍ കൊക്കൊ പറിച്ചുകൊണ്ടിരിക്കെയാണ് എബ്രഹാമിനെ കാട്ടുപോത്ത് ആക്രമിച്ചത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് എബ്രഹാമിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണത്തില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തി.

അതേസമയം തൃശ്ശൂരിൽ ഒരു സ്ത്രീയെ കാട്ടാന ചവിട്ടിക്കൊന്നു. പെരിങ്ങൽക്കുത്തിനു സമീപം വാച്ചുമരം കോളനിയിലാണ് സംഭവം. വാച്ചുമരം കോളനിയിൽ ഊരുമൂപ്പന്‍റെ രാജന്‍റെ ഭാര്യ വൽസല (43) ആണ് മരിച്ചത്. മൃതദേഹം കാട്ടിൽ നിന്ന് പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്.