വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജ് അറസ്റ്റില്‍

Jaihind Webdesk
Thursday, April 11, 2019

Julian-Assange

ലണ്ടന്‍: വിക്കിലീക്ക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജിനെ ലണ്ടനില്‍ ബ്രിട്ടീഷ് പോലീസ് അറസ്റ്റ് ചെയ്തു. മധ്യലണ്ടനിലെ പൊലീസ് സ്‌റ്റേഷനിലേക്കാണ് അസാന്‍ജിനെ കൊണ്ടുപോയത്. പിന്നീട് കോടതിയില്‍ ഹാജരാക്കും.

2010 ല്‍ യു.എസ് നയതന്ത്ര രേഖകള്‍ ചോര്‍ത്തി വിക്കിലീക്‌സില്‍ പ്രസിദ്ധീകരിച്ചതിന് അന്വേഷണം നേരിടുകയായിരുന്നു ജൂലിയന്‍ അസാന്‍ജ്. ഇക്വഡോര്‍ സര്‍ക്കാര്‍ അസാന്‍ജിന് അഭയം നല്‍കാനുള്ള തീരുമാനം പിന്‍വലിച്ചതോടെയാണ് അറസ്റ്റുണ്ടായത്. 2012 മുതല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയം തേടിയിരിക്കുകയായിരുന്ന അസാന്‍ജ്.

https://youtu.be/8oqJiNzJQ_E

2012ല്‍ സ്വീഡനില്‍ ഉണ്ടായ ലൈംഗികാരോപണത്തെ തുടര്‍ന്ന് ലണ്ടനില്‍ എത്തിയ അസാന്‍ജിന് ഇക്വഡോര്‍ അഭയം നല്‍കുകയായിരുന്നു. കോടതിയില്‍ കീഴടങ്ങാന്‍ കൂട്ടാക്കാതിരുന്നതിനെ തുടര്‍ന്ന് വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതി അസാന്‍ജിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ചിരുന്നു. ഇക്വഡോര്‍ അഭയം പിന്‍വലിച്ചതോടെ എംബസിയില്‍ കടന്ന് പോലീസ് അസാന്‍ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അഭയം നല്‍കിയെങ്കിലും ബ്രിട്ടനെതിരായി അസാന്‍ജ് നടത്തിയ ചില പരാമര്‍ശങ്ങള്‍ ഇക്വഡോറിനെ ചൊടിപ്പിച്ചിരുന്നു. അസാന്‍ജിനെ പുറത്താക്കുമെന്ന് പ്രസിഡന്‍റ് ലെനിന്‍ മൊറോനൊ സൂചിപ്പിച്ചിരുന്നു.