ഉത്തർപ്രദേശ് തദ്ദേശതെരെഞ്ഞെടുപ്പ് : ബിജെപി സ്ഥാനാര്‍ഥി ഉന്നാവ് കേസിലെ പ്രതിയുടെ ഭാര്യ

Jaihind Webdesk
Friday, April 9, 2021


ലക്‌നൗ : ഉന്നാവ് പീഡനക്കേസില്‍ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ മുന്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിന്‍റെ ഭാര്യ സംഗീത സെന്‍ഗാര്‍ പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഫത്തേപ്പൂര്‍ ചൗരസ്യ ത്രിതിയ സീറ്റിലാണ് സംഗീത സെന്‍ഗാര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുന്നത്. കുല്‍ദീപ് സിങ് ഉന്നാവ് പീഡനക്കേസില്‍ കുറ്റക്കാരനെന്നു കണ്ടെത്തിയതോടെ ബിജെപിയില്‍നിന്നും പുറത്താക്കുകയും എംഎല്‍എ സ്ഥാനം നഷ്ടമാകുകയും ചെയ്തു. ഉന്നാവോയിലെ ബെഗര്‍മാ നിയോജകമണ്ഡലത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സെന്‍ഗാറിനെ നിയമപ്രകാരം അയോഗ്യനാക്കി വിജ്ഞാപനം ഇറക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് 2017ല്‍ കുല്‍ദീപ് ജയിലിലായി. ജീവപര്യന്തം ശിക്ഷയാണ് ലഭിച്ചത്.

പിന്നീട് ഇരയായ പെണ്‍കുട്ടിയുടെ പിതാവിന്‍റെ കൊലപാതകത്തിലും പങ്കുണ്ടെന്നു തെളിഞ്ഞതിനെത്തുടര്‍ന്ന് പത്ത് വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചു. മകളുടെ വിദ്യാഭ്യാസ ചെലവുകള്‍ ഉള്‍പ്പെടെ തന്‍റെ മേലുള്ള ബാധ്യതകള്‍ ഉയര്‍ത്തി സെന്‍ഗാര്‍ ശിക്ഷയില്‍ ഇളവ് തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതി അത് തള്ളിയിരുന്നു. പോക്സോ നിയമത്തിലെ അഞ്ച്, ആറ് വകുപ്പുകള്‍ ഉള്‍പ്പെടുത്തി ജീവപര്യന്തം ശിക്ഷക്ക് വിധിക്കുകയായിരുന്നു.

2018 ഏപ്രിലില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ ഉന്നാവ് പെണ്‍കുട്ടി പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതോടെയാണ് കൂട്ടബലാല്‍സംഗം രാജ്യമറിഞ്ഞത്. ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെന്‍ഗറിനും കൂട്ടുപ്രതികള്‍ക്കുമെതിരെ 2017 ഓഗസ്റ്റില്‍ നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാതെ ആട്ടിയോടിക്കുന്നുവെന്ന് പെണ്‍കുട്ടി പറഞ്ഞത് രാജ്യം ഞെട്ടലോടെയാണ് കേട്ടത്. വന്‍ രാഷ്ട്രീയ കോളിളക്കമുണ്ടായതോടെ കേസ് സിബിഐ ഏറ്റെടുത്തു. ബിജെപി എംഎല്‍എയും കൂട്ടുപ്രതികളും അറസ്റ്റിലായി. ഇതിനിടെ, പെണ്‍കുട്ടിയെ ട്രക്കിടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നു. മാസങ്ങള്‍ നീണ്ട വിദഗ്ധ ചികിത്സക്കൊടുവിലാണ് പെണ്‍കുട്ടി സാധാരണ നിലയിലേക്കെത്തിയത്. സുരക്ഷ വേണമെന്ന പെണ്‍കുട്ടിയുടെ കത്ത് കണക്കിലെടുത്ത സുപ്രിംകോടതി, വിചാരണ ഉത്തര്‍പ്രദേശില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റുകയായിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് തുടങ്ങിയ വിചാരണ ഡിസംബര്‍ രണ്ടിനാണ് അവസാനിച്ചത്.