Kottayam| കോട്ടയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടി പരിക്കേല്‍പ്പിച്ച സംഭവം: പ്രതി ജീവനൊടുക്കി

Jaihind News Bureau
Sunday, September 7, 2025

കോട്ടയം: മുണ്ടക്കയം പുഞ്ചവയലില്‍ കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി ജീവനൊടുക്കി. പുഞ്ചവയല്‍ ചേരുതോട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന ബീന (55), മകള്‍ സൗമ്യ (35) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സൗമ്യയുടെ ഭര്‍ത്താവ് പ്രദീപ് (40) ആണ് ആക്രമണം നടത്തിയത്. ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട പ്രദീപിനെ പിന്നീട് സമീപത്തെ റബര്‍ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ദാമ്പത്യ പ്രശ്‌നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. ഏറെ നാളായി അകന്ന് കഴിയുകയായിരുന്ന പ്രദീപ്, ബീനയും സൗമ്യയും താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. പ്രദീപിന്റെയും സൗമ്യയുടെയും വിവാഹബന്ധം വേര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് കേസ് നിലവിലുണ്ട്.

വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന പ്രദീപ്, കൈവശം കരുതിയിരുന്ന കൊടുവാള്‍ ഉപയോഗിച്ച് ഇരുവരെയും ക്രൂരമായി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആറ് വയസ്സുകാരിയായ മകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം. ഭയന്ന് പുറത്തേക്ക് ഓടിയ ഇരുവരെയും മുറ്റത്തും റോഡിലുമിട്ട് പ്രദീപ് വീണ്ടും വെട്ടി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും പ്രദീപ് ഓടി രക്ഷപ്പെട്ടു.

ഗുരുതരമായി പരിക്കേറ്റ ബീനയെയും സൗമ്യയെയും നാട്ടുകാര്‍ ചേര്‍ന്ന് ആദ്യം മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇരുവരും ചികിത്സയിലാണ്.

പ്രദീപിനായി പോലീസ് തിരച്ചില്‍ ആരംഭിച്ചതിന് പിന്നാലെയാണ് സംഭവം നടന്ന സ്ഥലത്തുനിന്ന് ഏകദേശം 5 കിലോമീറ്റര്‍ അകലെയുള്ള റബര്‍ തോട്ടത്തില്‍ ഇയാളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പ്രദീപിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ മുണ്ടക്കയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.