ഇതെന്താണ് രാജാവിന്റെ എഴുന്നെള്ളത്തോ.. ? പിണറായിക്കു വേണ്ടി ആലപ്പുഴ ബീച്ചിലെ കടകള്‍ അടപ്പിക്കുന്നതില്‍ വ്യാപക പ്രതിഷേധം

Jaihind News Bureau
Friday, April 11, 2025

മുഖ്യമന്ത്രിയുടെ പരിപാടിയുള്ളതിനാല്‍ കടകള്‍ അടയ്ക്കണമെന്ന പോലീസിന്റെ നിര്‍ദ്ദേശത്തിന് വ്യാപക പ്രതിഷേധം. ആലപ്പുഴ ബീച്ചിലെ തൊണ്ണൂറോളം കച്ചവടക്കാര്‍ക്കാണ് പൊലീസിന്റെ നോട്ടീസ് ലഭിച്ചത് . മുഖ്യമന്ത്രിയുടെ പരിപാടി ഉള്ളതിനാല്‍ കട തുറക്കരുതെന്നാണ് നിര്‍ദ്ദേശം

‘ 11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു. ‘ എന്നാണ് ആലപ്പുഴ സൗത്ത് പോലീസ് സ്റ്റേഷന്‍ ഓഫീസര്‍ പുറപ്പെടുവിട്ട ഉത്തരവില്‍ പറയുന്നത്.

ആലപ്പുഴ ബീച്ചിലെ ചെറുകിട കച്ചവടക്കാര്‍ക്കാണ് കട തുറക്കാന്‍ വിലക്ക് ഏര്‍പ്പെടുത്തി ആദ്യം നോ്ട്ടീസ് നല്‍കിയത് . തുടര്‍ന്ന് ബാക്കി കടകള്‍ക്കും ഇതേ നിര്‍ദ്ദേശം ലഭിച്ചു. തൊണ്ണൂറോളം കച്ചവടക്കാര്‍ക്കാണ് മുഖ്യമന്ത്രിയുടെ വരവു മൂലം തൊഴിലും ജീവിതവും നിഷേധിക്കുന്നത്. പഴയ രാജഭരണത്തെ അനുസ്മരിപ്പിക്കുന്ന ഈ ഉത്തവുകള്‍ നടപ്പാക്കുന്നത് ആര്‍ക്കു വേണ്ടിയാണ് ?  ഏത് അടിയന്തര സാഹചര്യമാണ് മുഖ്യമന്ത്രിയുടെ വരവുമൂലം സംജാതമാകുന്നത്..? ഇങ്ങനെ ഉത്തരമില്ലാത്ത ഒട്ടേറെ ചോദ്യങ്ങളുണ്ട്. ആരും മറുപടി നല്‍കുന്നില്ല. ഈ സര്‍ക്കാര്‍ മൂലം ജനങ്ങള്‍ പൊറുതി മുട്ടിയിരിക്കുന്നു.

തുറമുഖ വകുപ്പില്‍ പണം അടച്ച് ലൈസന്‍സ് എടുത്ത് പ്രവര്‍ത്തിക്കുന്നവരാണ് നൂറിലധികം വരുന്ന ചെറുകിട കച്ചവടക്കാര്‍. ആദ്യം ചില കടകള്‍ക്ക് മാത്രമാണ് വിലക്ക് വന്നിരുന്നത്. പിന്നീട് മുഴുവന്‍ കടകളും തുറക്കരുതെന്ന് നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത പ്രതിഷേധത്തിലാണ് കച്ചവടക്കാര്‍. ഇന്ന് വൈകിട്ട് നടക്കുന്ന കെപിഎംഎസിന്റെ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്.

മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ എത്തുന്നതിനാല്‍ സുരക്ഷാ ഭീഷണിയുടെ പേര് പറഞ്ഞ് ആലപ്പുഴ ബീച്ചിന്റെ വടക്കേ അറ്റം മുതല്‍ കടല്‍പ്പാലം വരെയുള്ള കടകള്‍ തുറക്കാന്‍ പാടില്ല എന്ന അധികാരികളുടെ ഉത്തരവ് പാവപ്പെട്ടവന്റെ പിച്ചച്ചട്ടിയില്‍ കയ്യിട്ട് വാരുന്നതാണെന്ന് ആലപ്പുഴ ജില്ല ബീച്ച് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്സ് INTUC പ്രസിഡന്റ് MK നിവര്‍ പ്രസ്താവിച്ചു. തൊഴിലാളി പാര്‍ട്ടിയുടെ നേതാവായ പിണറായി വിജയന്‍ സാധാരണക്കാരെ പോലും പേടിക്കുന്ന അവസ്ഥയാണന്നും, പാവപ്പെട്ട ബീച്ചിലെ കച്ചവടക്കാരെ ഇത്തരത്തില്‍ ദ്രോഹിക്കുന്ന സമീപനത്തില്‍ നിന്നും അധികാരികള്‍ പിന്‍മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു