അടൂരിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരം ഒടിഞ്ഞുവീണ് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

Jaihind Webdesk
Tuesday, April 4, 2023

 

പത്തനംതിട്ട: അടൂരില്‍ കനത്തമഴയിലും കാറ്റിലും വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിനെ തുടര്‍ന്ന്  മരം ഒടിഞ്ഞുവീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. നെല്ലിമുകള്‍ സ്വദേശി മനു മോഹനാണ് (32) മരിച്ചത്. അടൂർ ചൂരക്കോട് ഭാഗത്ത് വെച്ചാണ് മനുവിന്‍റെ സ്കൂട്ടറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണത്. സംഭവസ്ഥലത്തുവെച്ചു തന്നെ മനു മരിച്ചു. മൃതദേഹം അടൂർ ഗവൺമെന്‍റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

അടൂരിലും പരിസരപ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണാണ് ഏറെയും നാശനഷ്ടമുണ്ടായത്. കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി. കാറ്റിലും മഴയിലും നിരവധി ഇടങ്ങളിൽ മരങ്ങൾ കടപുഴകി യും ചില്ലകൾ ഒടിഞ്ഞ് വീണും ഗതാഗതം തടസപ്പെടുകയും വൈദ്യുതി വിതരണം തകരാറിലാവുകയും ചെയ്തിട്ടുണ്ട്.

കൊട്ടാരക്കരയിലും കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറ്റത്ത് പെട്രോള്‍ പമ്പിന്‍റെ മേല്‍ക്കൂര തകര്‍ന്നു. പോലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു. വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നി  ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ  മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്‍റെ പ്രവചനം.