കാസറഗോഡ്: പയ്യന്നൂരിലും കല്യാശേരിയിലും സിപിഎം വ്യാപകമായി കള്ള വോട്ട് ചെയ്തെന്ന് കാസറഗോഡ് പാർലമെന്റ് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. ബൂത്തുപിടിത്തം നടന്നെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. ജില്ലാ പോലീസ് മേധാവി രാഷ്ട്രീയം കളിച്ചെന്നും എസ്പിയെ മാറ്റണമെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആവശ്യപ്പെട്ടു. ബിജെപിയുടെ വോട്ടുകൾ കോൺഗ്രസിലേക്ക് വരും. എത്ര കള്ളവോട്ട് നടന്നാലും ഒരു ലക്ഷം വോട്ടിന് വിജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കള്ളവോട്ട് ശ്രമം തടയാനെത്തിയ രാജ്മോഹൻ ഉണ്ണിത്താന് നേരെ സിപിഎം ആക്രമണം അഴിച്ചുവിട്ടിരുന്നു. രാജ്മോഹന്‍ ഉണ്ണിത്താൻ സഞ്ചരിച്ച വാഹനം സിപിഎം പ്രവർത്തകർ അക്രമിച്ചു. കല്ല്യാശേരി പട്ടുവത്ത് വെച്ചാണ് വാഹനത്തിനു നേരെ സിപിഎം പ്രവർത്തകരുടെ ആക്രമണമുണ്ടായത്.
പട്ടുവം പഞ്ചായത്തിലെ 98-ാം നമ്പർ ബൂത്തില്‍ കള്ളവോട്ടിന് പ്രിസൈഡിംഗ് ഓഫീസർ കൂട്ടുനില്‍ക്കുന്നുവെന്ന് അറിഞ്ഞ് എത്തിയപ്പോഴാണ് സ്ഥാനാർത്ഥിക്ക് നേരെ ആക്രമണമുണ്ടായത്. ഇതോടെ സംഘടിച്ചെത്തിയ സിപിഎം ഗുണ്ടകൾ വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു.