ആലപ്പുഴ: എംഎൽഎ യു പ്രതിഭയുടെ മകൻ പ്രതിയായ കഞ്ചാവ് കേസിൽ പ്രതിഭയെ പിന്തുണച്ച് മന്ത്രി സജി ചെറിയാൻ. കുട്ടികൾ ആകുമ്പോൾ കൂട്ടുകൂടും. കുട്ടികൾ പുകവലിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്തിനാണെന്നു മന്ത്രി ചോദിച്ചു. പുകവലിക്കുന്നത് മഹാ അപരാധമാണോ എന്നു ചോദിച്ച സജി ചെറിയാൻ താനും ജയിലിൽ കിടന്നപ്പോൾ പുകവലിക്കാറുണ്ടായിരുന്നുവെന്നും പറഞ്ഞു.
ഇന്നലെ കായംകുളത്ത് നടന്ന സിപിഎം രക്തസാക്ഷി പരിപാടിയിൽ പ്രതിഭയെ വേദിയിലിരുത്തിയായിരുന്നു സജി ചെറിയാന്‍റെ പരാമർശങ്ങൾ. ”കുട്ടികൾ കൂട്ടം കൂടില്ലേ.. ആ കുട്ടി എന്തെങ്കിലും മോശം കാര്യം ചെയ്‌തെന്ന് എഫ്‌ഐആറിലില്ല. പുകവലിച്ചു എന്നാണ് അതിലുള്ളത്. ഞാനും വല്ലപ്പോഴുമൊക്കെ പുക വലിക്കുന്ന ആളാണ്. പണ്ട് ജയിലിൽ കിടന്നപ്പോൾ വലിച്ചിരുന്നു. എം.ടി വാസുദേവൻ നായർ കെട്ടുകണക്കിനു ബീഡി വലിക്കുമായിരുന്നു. അതു ചിലരുടെ ശീലമാണ്.”- സജി ചെറിയാന്‍ പറഞ്ഞു.
യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്. വാർത്തപുറത്ത് വന്നതോടെ മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യു പ്രതിഭ ഫേസ്ബുക്ക് ലൈവിൽ രംഗത്തെത്തിയിരുന്നു. വ്യാജ വാർത്തയെന്നും മാധ്യമങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമായിരുന്നു പ്രതികരണം. എന്നാൽ, എംഎൽഎയുടെ വാദം തള്ളുന്നതാണ് എഫ്ഐആറിലെ വിവരങ്ങൾ.
അതേസമയം കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. എൻഡിപിഎസ് ആക്ട് 25 ബി, 27 ബി എന്നീ വകുപ്പുകൾ പ്രകാരമാണ് കനിവ് ഉൾപ്പടെ ഒൻപത് പേർക്കെതിരെ കേസെടുത്തത്. കഞ്ചാവ് കൈവശം വച്ചതിനും ഉപയോഗിച്ചതിനുമെന്നാണ് എഫ്ഐആർ ചുമത്തിയിരിക്കുന്നത്. മൂന്ന് ഗ്രാം കഞ്ചാവ്, കഞ്ചാവ് കലർന്ന പുകയില മിശ്രിതം, പള്ളഭാഗത്ത് ദ്വാരമുള്ള പ്ലാസ്റ്റിക് കുപ്പി, പച്ച പപ്പായ തണ്ട് എന്നിവയാണ് സംഘത്തിൽ നിന്ന് പിടിച്ചെടുത്തതെന്നും എഫ്ഐആറിൽ പറയുന്നു.