ഡോ. ഹാരിസിനെ അപമാനിച്ച് തകര്‍ക്കാന്‍ ശ്രമിച്ച സര്‍ക്കാര്‍ നീക്കം പൊളിഞ്ഞു പോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ന് കേരളത്തിലെ ആരോഗ്യമന്ത്രി വലിയ പരാജയമാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഓരു സത്യം തുറന്നു പറഞ്ഞതിന് എന്തിനാണ് അദ്ദേഹത്തെ വേട്ടയാടുന്നത്? എന്തിനാണ് ഈ വേട്ടയാടല്‍ എന്നും സമൂഹത്തിലെ വസ്തുതകള്‍ തുറന്നു പറഞ്ഞതിന് അദ്ദേഹത്തെ സര്‍ക്കാര്‍ ഹരാസ് ചെയ്യുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ലക്കും ലഗാനുമില്ലാതെ പ്രവര്‍ത്തിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. ആരോഗ്യമേഖല കുത്തഴിഞ്ഞിരിക്കുന്നു. ഇത് സിസ്റ്റത്തിന്റെ തകരാറല്ല, സര്‍ക്കാരിന്റെ തകരാറാണെന്നും അദ്ദേഹം വിമര്‍ശിച്ചു.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി തുറന്നു പറഞ്ഞതിനാണ് യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിനെ സര്‍ക്കാരും ആരോഗ്യവകുപ്പും മോഷണകേസിലെ പ്രതിയാക്കാന്‍ വരെ ശ്രമിച്ചത്. അദ്ദേഹത്തിന്റെ വെളിപ്പെടുത്തലില്‍ നാലംഗ സമിതിയെ അന്വേഷണത്തിന് നിയമിച്ചിരുന്നു. ഹാരിസ് പറഞ്ഞത് ശരിയാണെന്ന് സമിതി റിപ്പോര്‍ട്ടും നല്‍കിയിരുന്നു. എന്നാലും സര്‍ക്കാരിന്റെ വേട്ടയാടല്‍ തുടരുകയാണ്.