എല്ലാം അദാനിക്ക്; എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരമില്ല? പ്രധാനമന്ത്രിക്ക് എന്താണിത്ര ഭയം?: വീണ്ടും ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി

Jaihind Webdesk
Monday, March 27, 2023

 

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി. മോദിയും അദാനിയും തമ്മിലുളള ബന്ധം വെളിപ്പെട്ടതിനു ശേഷവും അദാനിയുടെ കമ്പനിയിലേക്കുതന്നെ പൊതുജനങ്ങളുടെ റിട്ടയർമെന്‍റ് പണം നിക്ഷേപിക്കുന്നതെന്തുകൊണ്ടാണെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. പ്രധാനമന്ത്രിയോട് അദാനിയെക്കുറിച്ച് ചോദിച്ചാൽ ഉത്തരമില്ലെന്നും ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച് വെളിപ്പെട്ടിട്ടും അന്വേഷണമില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. പ്രധാമന്ത്രിക്ക് എന്തിനാണിത്ര ഭയമെന്നും രാഹുല്‍ ട്വീറ്റില്‍ ചോദിച്ചു.

‘‘എല്‍ഐസിയുടെ മൂലധനം അദാനിക്ക്, എസ്ബിഐയുടെ മൂലധനം അദാനിക്ക്, ഇപിഎഫ്ഒ മൂലധനവും അദാനിക്ക്. ‘മൊദാനി’ പുറത്തുവന്ന ശേഷവും പൊതുജനങ്ങളുടെ റിട്ടയര്‍മെന്‍റ് പണം എന്തുകൊണ്ടാണ് അദാനിയുടെ കമ്പനികളില്‍തന്നെ നിക്ഷേപിക്കുന്നത്? പ്രധാനമന്ത്രീ, എന്തുകൊണ്ട് അന്വേഷണമില്ല, ഉത്തരങ്ങളില്ല? എന്തുകൊണ്ടാണ് ഇത്രയും ഭീതി’’- രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

‘മോദി’ പരാമര്‍ശത്തിലെ അപകീര്‍ത്തിക്കേസുമായി ബന്ധപ്പെട്ട് സൂറത്തിലെ ചീഫ് മജിസ്‌ട്രേട്ട് കോടതി രണ്ടുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയെ ലോക്‌സഭയില്‍നിന്ന് അയോഗ്യനാക്കിയിരുന്നു. രാഹുലിനെതിരായ ആസൂത്രിത നടപടിക്കെതിരെ രാജ്യത്ത് കടുത്ത പ്രതിപക്ഷ പ്രതിഷേധമാണ് ഉയരുന്നത്. അയോഗ്യാനാക്കിയാലോ ജയിലിലടച്ചാലോ തന്നെ നിശബ്ദനാക്കാനാവില്ലെന്നും ചോദ്യങ്ങള്‍ ചോദിക്കുക തന്നെ ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. ജനാധിപത്യത്തിനും ജനങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു പിന്നാലെയാണ് പ്രധാനമന്ത്രിയോട് ചോദ്യങ്ങളുമായി രാഹുല്‍ ഗാന്ധി വീണ്ടും രംഗത്തെത്തിയത്.