CONGRESS| ‘ബിന്ദുവിന്‍റെ കുടുംബത്തിന് എന്തുകൊണ്ട് ഉചിതമായ ധനസഹായം പ്രഖ്യാപിക്കുന്നില്ല’; വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

Jaihind News Bureau
Monday, July 7, 2025

ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ കടുത്ത വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കളായ രമേശ് ചെന്നിത്തലയും, തിരുവഞ്ചൂര്‍ രാധാകൃഷ്ണനും. ആരോഗ്യമന്ത്രിക്ക് പ്രതിഷേധങ്ങളെ നേരിടാന്‍ ഭയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേസമയം, മന്ത്രിമാരുടെ വീഴ്ച ആശുപത്രി സൂപ്രണ്ട് ഏറ്റെടുക്കേണ്ടിയിരുന്നില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാനം ഒട്ടാകെ പ്രതിഷേധങ്ങള്‍ ആരോഗ്യമന്ത്രിക്ക് എതിരെ ഉയരുമ്പോള്‍ ഭയന്ന് ഒളിച്ചിരിക്കുന്ന നിലപാടാണ് മന്ത്രിയുടേതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അതുകൊണ്ടാണ് പകല്‍വെളിച്ചത്തില്‍ ബിന്ദുവിന്റെ വീട്ടില്‍ പോകാതിരുന്നതെന്നും, ആരോഗ്യ മേഖലയുടെ വീഴ്ചയാണ് ഈ ഭയത്തിന് കാരണം എന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോട്ടയം മെഡിക്കല്‍ കോളേജില്‍ നടന്ന അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല.

ബിന്ദുവിന്റെ കുടുംബത്തിന് ഇതുവരെ 50,000 രൂപ മാത്രമാണ് ധനസഹായം നല്‍കിയിട്ടുള്ളത്. എന്തുകൊണ്ടാണ് ഉചിതമായ ധനസഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കാന്‍ വൈകുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ചോദിച്ചു. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട് മികച്ച ഡോക്ടര്‍മാരില്‍ ഒരാള്‍ ആണ്. മന്ത്രിമാരുടെ വീഴ്ചയെ അദ്ദേഹം ഏറ്റെടുക്കേണ്ടിയിരുന്നില്ലന്നും, സൂപ്രണ്ട് ജയകുമാറിന്റെ സല്‍പേരുകൊണ്ട് ഈ ദുര്‍നടപടിയെ നേരിടാനാണ് സര്‍ക്കാര്‍ ശ്രമം എന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

കോട്ടയത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ ആയിരുന്നു ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനം തിരുവഞ്ചൂര്‍ ഉയര്‍ത്തിയത്. അതേ സമയം ഇന്ന് വൈകുന്നേരം ആണ് രമേശ് ചെന്നിത്തല കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കെട്ടിട അപകടം നടന്ന സ്ഥലം സന്ദര്‍ശിച്ചത്. അപകടസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ തലയോലപ്പറമ്പിലെ വീട്ടിലെത്തി അവരുടെ കുടുംബാംഗങ്ങളെയും കണ്ടതിനുശേഷം ആണ് അദ്ദേഹം മടങ്ങിയത്.