തിരുവനന്തപുരം : കൊവിഡ് മരണങ്ങളില്‍ സര്‍ക്കാരിനോട് ചോദ്യവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുവിവരങ്ങൾ മാസങ്ങളോളം ഒളിപ്പിച്ചുവെച്ചത് എന്തിനാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ ചോദ്യം.
ശക്തമായ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മാസങ്ങൾക്കുശേഷം ഇന്നാണ് കൊവിഡ് ബാധിച്ച് മരിച്ചവരുടെ വിവരങ്ങള്‍ ഉൾപ്പെടുത്തിയ പട്ടിക സർക്കാർ പുറത്തുവിട്ടത്. നേരത്തേ ഓരോ ദിവസത്തെയും മരണസംഖ്യയ്ക്കൊപ്പം അവരുടെ പേരുവിവരങ്ങളും പുറത്തുവിട്ടിരുന്നു. 2020 ഡിസംബർ 22ന് ശേഷം ആരോഗ്യവകുപ്പിന്‍റെ ബുള്ളറ്റിനിൽ ജില്ല, പുരുഷൻ അല്ലെങ്കിൽ സ്ത്രീ, പ്രായം എന്നിവ മാത്രമാണ് പ്രസിദ്ധീകരിച്ചിരുന്നത്.
ഇക്കാരണത്താല്‍ പട്ടികയിൽ ഉൾപ്പെട്ടവരെയും ഒഴിവാക്കപ്പെട്ടവരെയും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പേര് പ്രസിദ്ധീകരിക്കാത്തതിനാൽ ഒഴിവാക്കപ്പെട്ടതിനെതിരെ പരാതി നൽകാനും കഴിയുമായിരുന്നില്ല. ഇതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ വീണ്ടും മരിച്ചവരുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്.