‘എന്തിനാണ് ഇത് കട്ട് ഓഫാക്കിയത്?’, താനല്ലെന്ന് സഹപൈലറ്റ്; നിര്‍ണായകമായി കോക്പിറ്റ് സംഭാഷണം

Jaihind News Bureau
Saturday, July 12, 2025

അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നോടെ അപകടത്തിന്റെ ദുരൂഹത വര്‍ധിച്ചിരിക്കുകയാണ്. വിമാനത്തിന്റെ രണ്ട് എഞ്ചിനിലേക്കുമുളള ഇന്ധന ഒഴുക്ക് നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. ടേക്ക് ഓഫിന് നിമിഷങ്ങള്‍ക്കകം ഇന്ധന ഒഴുക്കു നിലയ്ക്കുകയായിരുന്നു. എന്നാല്‍ സംഭവത്തില്‍ നിര്‍ണായകമാകുന്നത് കോക്ക്പിറ്റ് റെക്കോര്‍ഡറില്‍ നിന്നു ലഭിച്ച പൈലറ്റുമാരുടെ ശബ്ദരേഖയാണ്.

എന്തിനാണ് എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാക്കിയതെന്ന് ഒരു പൈലറ്റ് ചോദിക്കുന്നുണ്ട്. താനല്ല ഓഫാക്കിയതെന്ന് രണ്ടാമത്തെ പൈലറ്റ് മറുപടി പറയുന്നതും റെക്കോര്‍ഡുകളിലുണ്ട്. ഈ സംഭാഷണങ്ങളെ കേന്ദ്രീകരിച്ചാകും പ്രധാനമായും അന്വേഷണം നടക്കുക. അപകട സൂചന നല്‍കാതെ പറന്നുയര്‍ന്ന വിമാനത്തിന്റെ സ്വിച്ചുകള്‍ എന്തുകൊണ്ട് ഓഫ് ചെയ്തു എന്നതിന്റെ ഉത്തരം നിര്‍ണായകമാകും.

ഏത് പൈലറ്റിന്റേതാണ് ശബ്ദമെന്ന് തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. സഹപൈലറ്റ് ക്ലൈവ് കുന്ദറാണ് വിമാനം പറത്തിയത്. പൈലറ്റ്-ഇന്‍-കമാന്‍ഡായ സുമീത് സബര്‍വാള്‍ നിരീക്ഷിക്കുകയായിരുന്നു. സബര്‍വാള്‍ ബോയിംഗ് 787 വിമാനം 8600 മണിക്കൂര്‍ പറത്തിയ പൈലറ്റാണ്. കുന്ദറിന് 1,100 മണിക്കൂര്‍ വിമാനം പറത്തിയ പരിചയവുമു
ണ്ട്. സര്‍വീസ് തുടങ്ങും മുന്‍പ് ഇരുവര്‍ക്കും മതിയായ വിശ്രമവും ലഭിച്ചിരുന്നു.

ഒരേസമയം രണ്ട് എന്‍ജിനുകളും പ്രവര്‍ത്തന രഹിതമായതാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 260 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണന്ന് റിപ്പോര്‍ട്ട് പറയുന്നു. കഴിഞ്ഞദിവസമാണ് വ്യോമയാന മന്ത്രാലയത്തിന് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അഹമ്മദാബാദ് വിമാന ദുരന്തം നടന്ന് ഒരു മാസമാകുന്ന ദിവസമാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിടുന്നത്. അന്വേഷണ സംഘത്തിന് ലഭിക്കുന്ന അധിക വിവരങ്ങള്‍ അവലോകനം ചെയ്ത് പരിശോധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേയ്ക്ക് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 787 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. 169 ഇന്ത്യക്കാരും 52 ബ്രിട്ടീഷുകാരും ഒരു കനേഡിയനും 7 പോര്‍ച്ചുഗീസുകാരും ഉള്‍പ്പെടെ 241 പേര്‍ അപകടത്തില്‍ മരിച്ചിരുന്നു. ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വിജയ് രൂപാണിയും അപകടത്തില്‍ മരിച്ചു. ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ വിശ്വാസ് മാത്രമാണ് അപകടത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്.