പൗരത്വ നിയമ ഭേദഗതി ഇപ്പോള്‍ എന്തിനാണ്? – ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രട്ടറി ജി ദേവരാജന്‍ എഴുതുന്നു

Jaihind News Bureau
Monday, December 16, 2019

2014 ഡിസംബര്‍ 31 ന് മുമ്പ് ബംഗ്ലാദേശ്, പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ മൂന്നു രാജ്യങ്ങളി ല്‍ നിന്നും ഇന്ത്യയിലേക്ക്‌ കുടിയേറി തുടര്‍ച്ചയായി ആറുവര്‍ഷക്കാലം ഇന്ത്യയി ല്‍ സ്ഥിരതാമസമാക്കിയിട്ടുള്ള ഹിന്ദു, സിഖ്, ക്രിസ്ത്യന്‍, പാര്‍സി, ജെയി ന്‍, ബുദ്ധ മതക്കാരായിട്ടുള്ളവര്‍ക്ക് ഇന്ത്യ ന്‍ പൗരത്വം നല്‍കുന്നതിനു വേണ്ടിയാണ് നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ പൗരത്വ നിയമം ഇപ്പോള്‍ ഭേദഗതി ചെയ്തത്. അതേസമയം ഇക്കാലയളവില്‍ മേല്‍പ്പറഞ്ഞ പ്രകാരം ഇന്ത്യയി ല്‍ താമസമാക്കിയിട്ടുള്ള ഇസ്ലാം മതത്തില്‍പ്പെട്ടവര്‍ക്ക് പൗരത്വം നിഷേധിക്കുകയും ചെയ്യും. ഈ മൂന്ന് രാജ്യങ്ങളിലെയും പ്രധാന മതം ഇസ്ലാമായതിനാലാണ് ഇവിടങ്ങളി ല്‍ നിന്നുള്ള ന്യൂനപക്ഷങ്ങളെ ഇപ്രകാരം സംരക്ഷിക്കുന്നതെന്നാണ് സര്‍ക്കാര്‍ ഭാഷ്യം. അതേസമയം മതന്യൂനപക്ഷങ്ങളായതിന്‍റെ പേരി ല്‍ പലായനം ചെയ്യേണ്ടി വന്ന ശ്രീലങ്കയിലെ തമിഴന്മാരായ ഹിന്ദുക്കളോ ബര്‍മയിലെ രോഹിന്‍ഗ്യ മുസ്ലീങ്ങളോ പാകിസ്ഥാനിലെ അഹമ്മദിയ്യാക്കളോ ഭൂട്ടാനിലെ ക്രിസ്ത്യാനികളോ ഈ ഭേദഗതിയുടെ പ്രയോജനം ലഭിക്കുന്നവരുടെ പട്ടികയില്‍ വരികയുമില്ല. കുടിയേറ്റങ്ങളുടെ കാരണം മതപരമായ കാരണങ്ങള്‍ മാത്രമല്ല, ഭാഷാ-സംസ്കാര-സാമ്പത്തിക-രാഷ്ട്രീയ കാരണങ്ങളും കുടിയേറ്റങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന വസ്തുത സര്‍ക്കാര്‍ വിസ്മരിക്കുകയും ചെയ്തു.

ഇന്ത്യന്‍ ഭരണഘടനയുടെ മൗലിക തത്വങ്ങള്‍ക്ക് എതിരാണ് ഈ ഭേദഗതി. രാജ്യത്തിന്‍റെ ഭൂപരിധിക്കുള്ളില്‍ താമസിക്കുന്ന എല്ലാവരും നിയമത്തിന്‍റെ മുന്നില്‍ തുല്യരാണെന്നും എല്ലാവര്‍ക്കും തുല്യനീതി ഉറപ്പു വരുത്തുമെന്നുള്ള ആര്‍ട്ടിക്കി ള്‍ 14 ന്‍റെയും മതം, വംശം, ജാതി, ഗോത്രം, ലിംഗം, ജന്മസ്ഥലം എന്നിവയുടെ പേരില്‍ ആരോടും ഒരുതരത്തിലുമുള്ള വിവേചനവും പാടില്ല എന്ന ആര്‍ട്ടിക്കി ള്‍ 15 ന്‍റെയും നഗ്നമായ ലംഘനമാണ് ഈ ഭേദഗതി. അഭയാര്‍ത്ഥി വിഷയത്തിലും തുല്യ നീതിയും വിവേചനരാഹിത്യവും ഉറപ്പു വരുത്തുന്നതിനായിട്ടും ഉണ്ടാക്കിയിട്ടുള്ള ഐക്യരാഷ്ട്രസഭ പ്രമേയങ്ങളുടെയും ഉഭയകക്ഷി കരാറുകളുടെയും ലംഘനം കൂടിയാണ് ഈ ഭേദഗതി.

എന്തിനാണ് ഇപ്പോള്‍ ഇത്ര തിടുക്കത്തി ല്‍ ഇന്ത്യന്‍ പൗരത്വ നിയമം ഭേദഗതി ചെയ്യേണ്ടി വന്നത്‌? മെക്സിക്കോയില്‍ നിന്ന് അമേരിക്കയിലേക്കും യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്കും അഭ്യന്തര കലാപം നടക്കുന്ന സിറിയ, ലബനന്‍, ഇറാക്ക്, ലിബിയ മറ്റു രാജ്യങ്ങളില്‍ നിന്നും അയല്‍രാജ്യങ്ങളിലേക്ക് ഇപ്പോള്‍ നടക്കുന്ന പോലെയുള്ള കൂട്ടക്കുടിയേറ്റം ഇപ്പോ ള്‍ ഇന്ത്യയിലേക്ക്‌ നടക്കുന്നുണ്ടോ? പാകിസ്ഥാനും ബംഗ്ലാദേശുമായിട്ടുള്ള അഭയാര്‍ത്ഥി വിഷയം പോലെ പ്രാധാന്യവും സങ്കീര്‍ണവുമാണോ അഫ്ഗാനിസ്ഥാനുമായിട്ടുള്ളത്? ഇന്ത്യയുടെ തൊട്ടടുത്തുള്ള മറ്റ് അയല്‍രാജ്യങ്ങളെ എന്തിനാണ് ഈ ഭേദഗതിയുടെ പരിധിയി ല്‍ നിന്നും ഒഴിവാക്കിയത്? ഭരണഘടനയുടെ മൗലികതത്വങ്ങള്‍ മാറ്റാ ന്‍ പാടില്ല എന്ന കേശവനാന്ദ ഭാരതി കേസിലെ സുപ്രീം കോടതി വിധിക്കെതിരല്ലേ ഈ ഭേദഗതി? ഇത്ര വിവേചനപരമായി നിര്‍മിക്കുന്ന ഈ നിയമം രാജ്യത്ത് വര്‍ഗീയ ചേരിതിരിവിനും കലാപത്തിനും വഴിവെക്കില്ലേ? ഈ ചോദ്യങ്ങള്‍ക്കൊന്നിനും ഇതുവരെ തൃപ്തികരമായ മറുപടി നല്‍കാന്‍ ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല.

അസമില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ തയാറാക്കിയപ്പോള്‍ കണക്കുകൂട്ടലുകള്‍ക്ക് വിരുദ്ധമായി പുറത്തായിപ്പോയ ഇരുപത് ലക്ഷത്തോളം പേരില്‍ ബഹുഭൂരിപക്ഷവും ഹിന്ദു മതത്തില്‍പ്പെട്ടവരായതിനാല്‍ അവരെ പൗരത്വം നല്‍കി നിലനിര്‍ത്താനും ബാക്കിയുള്ള മുസ്ലീങ്ങളെ ഒഴിവാക്കാനുമായിരുന്നില്ലേ തിടുക്കത്തിലുള്ള ഈ ഭേദഗതി? മാത്രവുമല്ല, സര്‍ക്കാരിന്‍റെ പിടിപ്പുകേടും ജനവിരുദ്ധ നയങ്ങളും മൂലം രാജ്യം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയും വിലക്കയറ്റവും സ്ത്രീ-ശിശു പീഡനങ്ങളും നേരിടുമ്പോള്‍ അതില്‍നിന്നും ശ്രദ്ധ തിരിക്കാനും വേണ്ടി എടുത്തുവീശിയ ഇരുതലമൂര്‍ച്ചയുള്ള വാളാണ് ഈ നിയമ ഭേദഗതി. ഈ പീഡനങ്ങള്‍ ഏറ്റുവാങ്ങി മുസ്ലീം സമുദായം നിശ്ശബ്ദമായി ‘ഡിറ്റന്‍ഷന്‍ ക്യാമ്പുകളിലേക്ക്’ പോയാ ല്‍ ഹിന്ദു രാഷ്ട്ര നിര്‍മാണത്തിന്‍റെ മറ്റൊരു പടികൂടി സംഘപരിവാറിന് കടക്കാ ന്‍ കഴിയും. മറിച്ച് നിയമ ഭേദഗതിയെ എതിര്‍ത്ത് മുസ്ലീങ്ങള്‍ തെരുവിലിറങ്ങിയാല്‍, രാജ്യത്തെ മുസ്ലീങ്ങള്‍ നിയമവാഴ്ചയ്ക്ക് എതിരാണെന്ന് പ്രചരിപ്പിച്ച് മുസ്ലിം വിരുദ്ധ ഏകോപനത്തിലൂടെ സുസ്ഥിര വോട്ടുബാങ്ക് ഉറപ്പിക്കുകയും ആവാം. പക്ഷേ ബി.ജെ.പിയുടെ ഈ സ്വാര്‍ത്ഥ ലക്ഷ്യത്തിനുവേണ്ടി രാജ്യം നല്‍കേണ്ടി വരുന്ന വില അതിന്‍റെ നാളിതുവരെയുള്ള അഭിമാനവും തലയെടുപ്പുള്ള പാരമ്പര്യവും ലോകം അംഗീകരിക്കുന്ന വൈവിധ്യങ്ങളിലെ ഏകത്വവും ആണെങ്കില്‍ അതിനു തടയിടേണ്ടത് ഈ നാടിനെ സ്നേഹിക്കുന്നവരുടെ ഉത്തരവാദിത്വമാണ്.

ജി ദേവരാജന്‍

ഫോര്‍വേഡ് ബ്ലോക് ദേശീയ സെക്രട്ടറി