അബിഗേലിനെ തട്ടിക്കൊണ്ടുപോയതാര്? പ്രതികള്‍ ഇപ്പോഴും കാണാമറയത്ത്; തുമ്പ് കണ്ടെത്താനാവാതെ പോലീസ്

Jaihind Webdesk
Wednesday, November 29, 2023

 

തിരുവനന്തപുരം: കൊല്ലം ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ ദുരൂഹത മറനീക്കാനാകാതെ ഇരുട്ടിൽ തപ്പി പോലീസ്. ദിവസം രണ്ടാകുമ്പോഴും പ്രതികളെക്കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങളില്ല. തിങ്കളാഴ്ച വൈകിട്ടാണ് അബിഗേലിനെ ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. ഇന്നലെ ഉച്ചയ്ക്ക് കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കുഞ്ഞ് പൂർണ്ണ ആരോഗ്യവതിയാണ്. എസ്എന്‍ കോളേജിലെ വിദ്യാർത്ഥിനികളാണ് കുട്ടിയെ ആശ്രാമം മൈതാനത്ത് കണ്ടെത്തിയത്. കുട്ടിയെ തിരിച്ചുകിട്ടിയതോടെ 21 മണിക്കൂർ നീണ്ട ആശങ്കകള്‍ക്ക് വിരാമമായെങ്കിലും പ്രതികളെ കണ്ടെത്താന്‍ കഴിയാത്തത് പോലീസിന് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്. അന്വേഷണം ഊർജ്ജിതമാക്കിയെന്ന് പറയുമ്പോഴും ഇതുവരെ പ്രതികളിലേക്കെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ഇതിനിടെ അബിഗേലിനെ തട്ടിക്കൊണ്ടുപോയ അതേ ദിവസം മറ്റൊരു കുട്ടിയെയും തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നതായ പരാതിയുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ട്. കണ്ണനല്ലൂരില്‍ ലഭിച്ച പരാതിയിലാണ് അന്വേഷണം. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീയുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടു.

 

 

സൈനികൻ ബിജുവിന്‍റെ വീട്ടില്‍ തിങ്കളാഴ്ച രാവിലെയാണ് അജ്ഞാത സംഘമെത്തിയതെന്ന് പരാതിയില്‍ പറയുന്നു. കുട്ടി ബഹളം വെച്ചതോടെ ഇവര്‍ രക്ഷപ്പെട്ടെന്നും കുടുംബം പറയുന്നു. മകള്‍ വീടിന് പുറത്തേക്ക് വന്നപ്പോള്‍ ഷാള്‍ ഉപയോഗിച്ച് മുഖം മറച്ചൊരു സ്ത്രീയും ഒരു പുരുഷനും വീടിന് പരിസരത്ത് നിക്കുന്നത് കണ്ടു. ആരാണെന്ന് കുട്ടി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചതോടെ ഇവര്‍ ഓടിപ്പോകുകയായിരുന്നു. വൈകിട്ടോയെ അബിഗേലിനെ തട്ടിക്കൊണ്ടുപോയ വാർത്തകള്‍ എത്തി. ഇതോടെ ഇവർ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇരു സംഭവങ്ങൾക്കും തമ്മിൽ ബന്ധമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം എഐ ക്യാമറകളും പോലീസ് വലയവും ഭേദിച്ച് കാണാമറയത്ത് തുടരുകയാണ്. പ്രതികളെ കണ്ടെത്താനാവാത്തത് പോലീസിന് തലവേദനയാവുകയാണ്.