നിലമ്പൂരില്‍ നാളെ ജനങ്ങള്‍ വിധിയെഴുതും. ഇന്ന് മണ്ഡലത്തില്‍ നിശബ്ദ പ്രചാരണവും. സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് സ്വതന്ത്ര എംഎല്‍എ ആയിരുന്ന പിവി അന്‍വര്‍ ഇടതു ബന്ധം ഉപേക്ഷിച്ചതോടെയാണ് നിലമ്പൂരില്‍ വീണ്ടുമൊരു തിരഞ്ഞെടുപ്പ് വരുന്നത്. മണ്ഡലത്തില്‍ സ്വാധീനമില്ലാത്ത എന്‍ഡിഎയ്ക്ക് 4 ശതമാനത്തോളമാണ് ആകെയുള്ള വോട്ട് വിഹിതം. അതുകൊണ്ട് തന്നെ യുഡിഎഫും എല്‍ഡിഎഫും തമ്മിലുള്ള നേരിട്ടുള്ള ഒരു അങ്കമായിരിക്കും ഇത്തവണ.
നിലമ്പൂര്‍ മണ്ഡലം
മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കിലെ നിലമ്പൂര്‍ നഗരസഭയും അമരമ്പലം, ചുങ്കത്തറ, എടക്കര, കരുളായി, മൂത്തേടം, പോത്തുകല്‍, വഴിക്കടവ് എന്നീ ഗ്രാമപഞ്ചായത്തുകളും ഉള്‍ക്കൊള്ളുന്നതാണ് നിലമ്പൂര്‍ നിയമസഭാ മണ്ഡലം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 2,32,384 വോട്ടര്‍മാരാണ് മണ്ഡലത്തിലുള്ളത്. മണ്ഡലത്തില്‍ ആകെ 1,13,486 പുരുഷ വോട്ടര്‍മാരും 1,18,889 സ്ത്രീ വോട്ടര്‍മാരുമുണ്ട്.
2011 ലെ സെന്‍സസ് പ്രകാരം നിലമ്പൂര്‍ നിയമസഭയില്‍ ഏകദേശം 15,986 പട്ടികജാതി വോട്ടര്‍മാരുണ്ട്, ഇത് ഏകദേശം 7.72% ആണ്. നിലമ്പൂരില്‍ 90,907 മുസ്ലിം വോട്ടര്‍മാരുണ്ട്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 43.9% ആണ്. മണ്ഡലത്തില്‍ 22,364 ക്രിസ്ത്യന്‍ വോട്ടര്‍മാരാണുള്ളത്, ഇത് ഏകദേശം 10.8% ആണ്. മണ്ഡലത്തില്‍ 93,806 ഹിന്ദു വോട്ടര്‍മാരാണുള്ളത്, ഇത് വോട്ടര്‍ പട്ടിക വിശകലനം അനുസരിച്ച് ഏകദേശം 45.3% ആണ്.
മണ്ഡലത്തിന്റെ ചരിത്രം ഇങ്ങനെ…
മണ്ഡലത്തില്‍ 2021ല്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നപ്പോള്‍ ഇടതു സ്വതന്ത്രന് പിവി അന്‍വര്‍ ആയിരുന്നു വിജയിച്ചിരുന്നത്. 2700 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിവി പ്രകാശിനെയാണ് അന്‍വര്‍ പരാജയപ്പെടുത്തിയത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്യാടന് മുഹമ്മദ് പതിറ്റാണ്ടുകളോളം കുത്തകയാക്കി വച്ചിരുന്ന നിലമ്പൂരില്‍ നിന്ന് 2016ല്‍ ആണ് സിപിഎം പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പിവി അന്‍വര്‍ ആദ്യമായി വിജയിക്കുന്നത്. 11,504 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അന്ന് അന്‍വറിന്റെ വിജയം.
1965 ല്‍ നിലവില്‍ വന്ന നിലമ്പൂര്‍ മണ്ഡലത്തില്‍ നിന്ന് കന്നി ജയം സിപിഎമ്മിന് ഒപ്പമായിരുന്നു. കുഞ്ഞാലി എന്ന പേരില്‍ അറിയപ്പെടുന്ന കെ. കുഞ്ഞാലിയാണ് ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചത്. ആര്യാടന് മുഹമ്മദിനെയായിരുന്നു കുഞ്ഞാലി പരാജയപ്പെടുത്തിയത്. 1967 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വീണ്ടും കുഞ്ഞാലി സീറ്റ് നിലനിര്‍ത്തി. 1970 ല്‍ രണ്ട് തിരഞ്ഞെടുപ്പുകള്‍ക്ക് നിലമ്പൂര്‍ സാക്ഷ്യം വഹിച്ചു. കെ. കുഞ്ഞാലി എം എല്‍ എ ആയിരിക്കെ വെടിയേറ്റ് കൊല്ലപ്പെട്ടു. തുടര്‍ന്ന് നടന്ന ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിലെ എം പി ഗംഗാധരന് വിജയിച്ചു. പിന്നീട് മന്ത്രിസഭ വീണതിനെ തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ എം പി ഗംഗാധരന് വീണ്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ജയിച്ചു. 1977ലാണ് ആദ്യമായി ആര്യാടന് മുഹമ്മദ് മണ്ഡലത്തില്‍ വിജയിക്കുന്നത്. സിപിഎം സ്ഥാനാര്‍ഥി സെയ്താലിക്കുട്ടിയെ പരാജയപ്പെടുത്തിയായിരുന്നു ആര്യാടന് മണ്ഡലം പിടിച്ചത്.
എന്നാല്‍, 1982ല്‍ ടികെ ഹംസ ആര്യാടന് മുഹമ്മദിനെ പരാജയപ്പെടുത്തി മണ്ഡലം തിരിച്ചുപിടിച്ചു, 1,566 വോട്ടുകള്‍ക്കായിരുന്നു ഹംസയുടെ വിജയം. പിന്നീട് 1987 മുതല്‍ നിലമ്പൂര്‍ കോണ്‍ഗ്രസിന്റെ കോട്ടയായിരുന്നു. 1987 മുതല്‍ 2011 വരെ ഏകദേശം 30 വര്‍ഷത്തില്‍ അധികം ആര്യാടനായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്. കോണ്‍ഗ്രസിന്റെ കുത്തകയായി മണ്ഡലം മാറി. ഇതിനിടെയാണ് അന്‍വറിന്റെ കടന്നുവരവ്. 2016ല്‍ പിവി അന്‍വറിലൂടെ ഇടതുപക്ഷം സീറ്റ് തിരിച്ചുപിടിച്ചു. 2016 മുതല്‍ 2025 ജനുവരി വരെ അന്‍വറായിരുന്നു മണ്ഡലം ഭരിച്ചിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തനായി അറിയപ്പെട്ടിരുന്ന അന്‍വര്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കുമെതിരായ സൈബര്‍ ആക്രണങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കവേയാണ് കരിപ്പൂര്‍ കേന്ദ്രീകരിച്ചുള്ള സ്വര്‍ണക്കടത്തിന്റെയും മലപ്പുറം എസ്പി സുജിത് ദാസിന്റെയും എഡിജിപി എംആര്‍ അജിത് കുമാറിന്റെയും വിവാദങ്ങളുയര്‍ത്തി ഇടതുപക്ഷത്ത് നിന്നും പിണറായി വിജയന്റെ ഗുഡ് ബുക്കില്‍ നിന്നും പടിയിറങ്ങി മണ്ഡലത്തെ ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. പൊതുവില്‍, മണ്ഡലത്തിന്റെ ചരിത്രം നോക്കുകയാണെങ്കില്‍ യുഡിഎഫിനാണ് മുന്‍തൂക്കം. ഒരുകാലത്ത് കോണ്‍ഗ്രസ് കുത്തകയായിരുന്നു ഈ സീറ്റ്. അത് നിലനിര്‍ത്താന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയിലാണ് യുഡിഎഫ് ക്യാമ്പ്.