സിപിഎമ്മില്‍ കത്തുന്ന കത്ത് വിവാദത്തിന് എണ്ണ പകര്‍ന്നത് ആരാണ്? കണ്ണൂരിലെ സിപിഎം മൂപ്പിളമ തര്‍ക്കം പാര്‍ട്ടിക്കുള്ളിലേക്കും വ്യാപിക്കുന്നുണ്ടോ? ഒട്ടേറെ രാഷ്ട്രീയ സംശയങ്ങളാണ് ഈ വിവാദത്തിന് പിന്നാലെ ഉയരുന്നത്. വിവാദത്തിന് പിന്നില്‍ കണ്ണൂര്‍ സിപിഎമ്മിലെ വിഭാഗീയത എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇപി ജയരാജനും പി.ജയരാജനും ഇതില്‍ പങ്കുണ്ടന്ന് എം.വി ഗോവിന്ദന്‍ പക്ഷം കരുതുന്നു. ആയുര്‍വേദ റിസോര്‍ട്ട് വിവാദത്തില്‍ ഇ പി ജയരാജനെതിരെ എം വി ഗോവിന്ദന്റെ നീക്കം നടത്തിയിരുന്നു. ഇതിന് പകരം വീട്ടിയതാണ് ഈ വിവാദങ്ങളെന്നാണ് സൂചന. ചോര്‍ന്ന കത്ത് കോടതിയില്‍ തെളിവായി വന്നതിനാല്‍ തള്ളാനും കൊള്ളാനും പറ്റാവത്ത അവസ്ഥയിലായി പാര്‍ട്ടി നേതൃത്വം.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ പടയൊരുക്കം നടക്കുന്നതായി വ്യക്തമായ സൂചനകളാണ് ലഭിക്കുന്നത്. കണ്ണൂര്‍ നേതാക്കള്‍ക്കിടയിലെ വിഭാഗീയതാണ് ഗോവിന്ദനെതിരായ നീക്കങ്ങള്‍ക്ക് പിന്നില്‍. കത്ത് വിവാദത്തിന് പിന്നില്‍ ഇ.പി ജയരാജനെന്നാണ് സംശയിക്കുന്നത്. പരാതിക്കാരനായ ഷെര്‍ഷാദിനെ ഇ പി ജയരാജന്‍ ഫോണില്‍ വിളിച്ച് കത്തിലെ വിവരങ്ങള്‍ ആരാഞ്ഞതായാണ് വിവരം.
പോളിറ്റ് ബ്യൂറോയ്ക്ക് നല്‍കിയ പരാതി കോടതി രേഖ ആയതില്‍ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന് പങ്കുണ്ടെന്നാണ് ആരോപണം. കത്ത് ചോര്‍ന്നതിനെതിരെ ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷെര്‍ഷാദ് പരാതി നല്‍കിയിരുന്നു. ഈ രേഖ പുറത്തുവന്നതിന് പിന്നില്‍ ഗോവിന്ദന്റെ മകന്‍ ശ്യാമിന് ബന്ധമുണ്ടെന്ന ആരോപണമാണ് ചെന്നൈ വ്യവസായി ഉന്നയിക്കുന്നത്. പാര്‍ട്ടിക്ക് നല്‍കിയ കത്ത് എങ്ങനെ മാനനഷ്ടക്കേസില്‍ തെളിവായി എന്ന ചോദ്യമാണ് സിപിഎം നേതാക്കളില്‍ ഉയരുന്നത്. സിപിഎമ്മിന്റെ മുന്‍ മന്ത്രിമാര്‍ക്കെതിരെയും നിലവിലെ മന്ത്രിമാര്‍ക്കെതിരെയും പോളിറ്റ്ബ്യൂറോയ്ക്ക് മുഹമ്മദ് ഷെര്‍ഷാദ് നല്‍കിയ പരാതിയില്‍ ആരോപണങ്ങളുണ്ട്. രാജേഷ് കൃഷ്ണ ഇവര്‍ക്കെല്ലാം പലതരത്തില്‍ പണം നല്‍കിയിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഈ വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. നേരത്തെ ജ്യോത്സ്യന്‍ വിവാദം സംസ്ഥാന സമിതിയില്‍ പി.ജയരാജന്‍ ഉയര്‍ത്തിയതും എം.വി ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗമായിട്ടാണെന്നാണ് വിവരം.