കൊറോണ മരുന്നുകള്‍ക്ക് നാക്കുളുക്കുന്ന പേര്, പിന്നില്‍ തരൂരോ എന്ന് മന്ത്രി ; രസകരമായ മറുപടിയുമായി ശശി തരൂര്‍

Jaihind Webdesk
Friday, May 21, 2021

ഹൈദരാബാദ്  : കൊവിഡ് പ്രതിരോധ മരുന്നുകള്‍ക്ക് നാക്കുളുക്കുന്ന പേരുകള്‍ നല്‍കിയതില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായി തെലങ്കാന മന്ത്രി കെ താരക രാമ റാവു. തെലങ്കാന മന്ത്രിയുടെ രസകരമായ ട്വീറ്റിന് ശരിക്കും നാക്കുളുക്കുന്ന ഭാഷയിലായിരുന്നു തരൂരിന്‍റെ മറുപടി. അവസരം ലഭിച്ചാല്‍ ഗോ കൊറോണ ഗോ എന്നെങ്ങാനുമായിരിക്കും താന്‍  പേര് നല്‍കുകയെന്നും തരൂര്‍ തിരിച്ചടിച്ചു.

പൊസകൊനാസോള്‍, ക്രെസെംബ, ടോസില്‍സുമാബ്, റെംഡെസിവിര്‍, ലിപോസൊമാള്‍ ആംഫോടെറെസിന്‍, ഫ്ളാവിപിരാവിർ, മൊള്‍നുപിരാവിര്‍, ബരിസൈറ്റിനിബ് ഇത്തരത്തിലാണ് കൊവിഡ് മരുന്നുകളുടെ പട്ടിക നീളുന്നത്. ആരാണ് ഈ മരുന്നുകള്‍ക്ക് കടിച്ചാല്‍ പൊട്ടാത്ത പേരുകള്‍ നല്‍കിയതെന്നും ഇതിനു പിന്നില്‍ സത്യമായും ശശി തരൂരിന് റോള്‍ ഉണ്ടെന്ന് ഞാന്‍ സംശയിക്കുന്നെന്നായിരുന്നു കെ താരക രാമ റാവുവിന്‍റെ തമാശരൂപേണയുള്ള ട്വീറ്റ്.

മന്ത്രിയുടെ സംശയത്തിന് തരൂരിന്‍റെ രസകരമായ മറുപടി ഉടനെത്തി. ഇക്കാര്യത്തില്‍ ഞാന്‍ തെറ്റുകാരനല്ല. എങ്ങനെ നിങ്ങള്‍ക്ക് ഇങ്ങനെയുള്ള ഫ്ളോക്സിനോസിനിഹിലിപിലിഫിക്കേഷനുകള്‍ (യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യങ്ങള്‍) ഉന്നയിക്കാന്‍ കഴിയുന്നു. കൊവിഡ് മരുന്നുകള്‍ക്ക് പേരിടാന്‍ അവസരം ലഭിച്ചിരുന്നെങ്കില്‍ കൊറോണില്‍, കൊറോസീറോ അതുമല്ലെങ്കില്‍ ഗോ കൊറോണ ഗോ എന്നൊക്കെയേ ഞാന്‍ പേരിടുകയുള്ളൂവെന്ന് തരൂര്‍ സ്വതസിദ്ധമായ ശൈലിയില്‍ മറുപടി നല്‍കി. പക്ഷെ, ഫാര്‍മസിസ്റ്റുകള്‍ മികച്ച പ്രൊക്രൂസ്റ്റിയന്മാരാണ് (ഇരകളെ വലിച്ചുനീട്ടിയും മുറിച്ചുമാറ്റിയും പീഡിപ്പിക്കുന്നവര്‍) എന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.