കേരളം നേരിടുന്ന രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് യു.ഡി.എഫ് തയ്യാറാക്കിയ ധവള പത്രം ഇന്ന് പുറത്തിറക്കും. രാവിലെ 10 മണിക്ക് കണ്ടോണ്മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ധവളപത്രം പുറത്തിറക്കുക.
ചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കേരളം കടന്നു പോകുന്നത്. നികുതി പിരിവിലെ പരാജയവും സംസ്ഥാന സര്‍ക്കാരിന്റെ ധൂര്‍ത്തുമാണ് ഈ ധന പ്രതിസന്ധിയിലേക്ക് സംസ്ഥാനത്തെ തള്ളിവിട്ടതെന്നാണ് യു.ഡി.എഫിന്റെ വിലയിരുത്തൽ.
പ്രളയ ദുരിതാശ്വാസത്തിനായി ലഭ്യമാക്കിയ വായ്പാ തുകപോലും ശമ്പളം കൊടുക്കാനായി വകമാറ്റുന്ന അവസ്ഥയിലാണ് സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയും ധൂര്‍ത്തും മൂലം തകര്‍ന്നിരിക്കുന്ന സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി ജനങ്ങള്‍ക്ക് മുന്പില് തുറന്നു കാട്ടുന്ന ധവള പത്രം വി ഡി സതീശന് എം എല്‍ എ കണ്‍വീനറായ സമിതിയാണ് തയ്യാറാക്കിയത്. എം.എല്‍.എ മാരായ കെ.എസ്.ശബരീനാഥന്, കെ.എന്‍.എ ഖാദര്‍, എം.ഉമ്മര്‍, മോന്‍സ് ജോസഫ്, ഡോ.എന്‍.ജയരാജന്, അനൂപ് ജേക്കബ്ബ് എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍