‘ജയിച്ചാലും തോറ്റാലും കോണ്‍ഗ്രസ് രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം, ശക്തമായി തിരിച്ചുവരും’ | VIDEO

 

ന്യൂഡല്‍ഹി : തെരഞ്ഞെടുപ്പിൽ ജയിച്ചാലും തോറ്റാലും കോൺഗ്രസ് രാജ്യത്തെ ജനങ്ങൾക്കൊപ്പമാണെന്ന് എഐസിസി വക്താവ് രൺദീപ് സിംഗ് സുർജേവാല. തോൽവിയെക്കുറിച്ച് ആത്മപരിശോധന നടത്തി പാർട്ടി ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ഇക്കാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ അടിയന്തര കോൺഗ്രസ് പ്രവർത്തകസമിതി യോഗവും ചേരുന്നുണ്ട്.

കോൺഗ്രസ് നേരിട്ട അപ്രതീക്ഷിത തോൽവിയെ കുറിച്ച് ചർച്ച ചെയ്യുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണ് അടിയന്തര പ്രവർത്തക സമിതി വിളിച്ചത്. അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞടുപ്പ് ഫലം കോൺഗ്രസിന്‍റെ പ്രതീക്ഷകൾക്ക് വിരുദ്ധമാണെന്ന് രൺദീപ് സിംഗ് സുർജേവാല പറഞ്ഞു. ഉത്തരാഖണ്ഡിലും ഗോവയിലും പഞ്ചാബിലും മികച്ച ഫലം പ്രതീക്ഷിച്ചെങ്കിലും ജനങ്ങളുടെ അനുഗ്രഹം നേടുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

പഞ്ചാബിൽ ചരൺജിത് സിംഗ് ചന്നി സംശുദ്ധവും അടിത്തറയുള്ള നേതാവാണ്. താഴേതട്ടിലുള്ള അദ്ദേഹത്തിന്‍റെ ജനകീയ അടിത്തറയിലൂടെ അധികാരത്തിലെത്താനാണ് ശ്രമിച്ചത്. എന്നാൽ അമരീന്ദർ സിംഗിന്‍റെ നാലര വർഷത്തെ ഭരണവിരുദ്ധ തരംഗത്തെ മറികടക്കാൻ കഴിഞ്ഞില്ല. ഉത്തർപ്രദേശിൽ താഴെത്തട്ടിൽ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ കോൺഗ്രസിന് വിജയിക്കാനായിട്ടുണ്ട്. പക്ഷേ ജനങ്ങളുടെ ആവേശം വോട്ടായി മാറ്റുന്നതിൽ പരിമിതികളുണ്ടായി. ഉത്തരാഖണ്ഡിലും ഗോവയിലും നല്ല മത്സരം കാഴ്ചവെക്കാനായില്ല.

ഈ തെരഞ്ഞെടുപ്പിൽ ജാതീയത, മതധ്രുവീകരണം തുടങ്ങിയ വിഷയങ്ങൾ ഉയർന്നപ്പോൾ കോൺഗ്രസ് അവയെല്ലാം അകറ്റിനിർത്തി. തൊഴിലില്ലാഴ്മയും വിലക്കയറ്റവും തകരുന്ന സമ്പദ് വ്യവസ്ഥയും ജനങ്ങളുടെ പ്രശ്‌നങ്ങളും ചർച്ച ചെയ്യാനാണ് കോൺഗ്രസ് ശ്രമിച്ചതെന്നും സുർജേവാല പറഞ്ഞു. തന്ത്രങ്ങളിൽ മാറ്റം വരുത്തി ശക്തമായി കോൺഗ്രസ് തിരിച്ചു വരുമെന്നും അദ്ദേഹം തുടർന്നു പറഞ്ഞു.

 

https://www.facebook.com/JaihindNewsChannel/videos/983341659275949

Comments (0)
Add Comment