സൈനിക വേഷത്തിലെത്തയപ്പോള്‍ ആദ്യം കരുതി മോക്ഡ്രില്ലെന്ന്; പലര്‍ക്കും ഉറ്റവരെ നഷ്ടമായത് കണ്‍മുന്നില്‍

Jaihind News Bureau
Wednesday, April 23, 2025

മിനി സ്വിറ്റ്‌സര്‍ലന്‍ഡ് എന്നറിയപ്പെടുന്ന താഴ് വര. കശ്മീരിന്റെ ഭംഗി നുകരാനെത്തിയവര്‍, വേനലവധിയുടെ ചൂര് ആഘോഷിക്കാന്‍ എത്തിയവര്‍. അതില്‍ മധുവിധുവിന്റെ പുതുമോടി പങ്കിടാന്‍ എത്തിയവരും, കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാന്‍ എത്തിയവരുമുണ്ട്. ഒരു നിമിഷം വിനോദത്തില്‍ ആറാടിയവരെ രാജ്യത്തെ നടുക്കിയ ഭീകരവാദത്തിന്റെ ഇരകളാക്കി മാറ്റി. പേര് ചോദിച്ച് മതത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് ഭീകരര്‍ കര്‍ത്തവ്യം നടത്തി. ഒരു നിമിഷം ഭൂമിയിലെ സ്വര്‍ഗമെന്ന് അറിയപ്പെട്ട പഹല്‍ഗാം കുരുതി കളമായി മാറി. നിരവധി പേര്‍ കൊല്ലപ്പെട്ടു. തിരിച്ചറിയപ്പെടാന്‍ കഴിയാത്തവര്‍ ഇനിയും നിരവധി. തിരിച്ചറിയപ്പെട്ടവരെ സ്വദേശത്ത് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. അവരില്‍, ഭാര്യയ്ക്കും മകള്‍ക്കും കൊച്ചുമക്കള്‍ക്കുമൊപ്പം കശ്മീര്‍ കാണാനെത്തിയ കൊച്ചി സ്വദേശി രാമചന്ദ്രനും, വിവാഹം കഴിഞ്ഞ് വെറും 6 ദിവസങ്ങള്‍ മാത്രമായിരുന്ന നാവികസേനാ ഉദ്യോഗസ്ഥന്‍ വിനയ് നര്‍വാളും ഉള്‍പ്പെടുന്നു. ഭാര്യയുടെ മുന്നില്‍ വെടിയേറ്റു വീണ മഞ്ജുനാഥ റാവു മറ്റൊരു ഇരയാണ്. ഇതൊന്നും രാജ്യം മറക്കാനിടയില്ല.

2000-01 കാലഘട്ടത്തില്‍ തീര്‍ത്ഥാടകരെ ലക്ഷ്യം വെച്ച് ഭീകരര്‍ ജമ്മു കാശ്മീരില്‍ ആക്രമണം നടത്തിയിരുന്നു. പിന്നീട് ഇതാദ്യമാണ് ഇത്ര വലിയ ആക്രമണം ഉണ്ടാകുന്നത്. വിനോദസഞ്ചാരികള്‍ക്ക് നേരെയുണ്ടായ ഇത്ര ഭീകരമായ ആക്രമണത്തെ ഞെട്ടലോടെയാണ് രാജ്യം നേരിടുന്നത്. ഇന്നലെ പഹല്‍ഗാമിലെ വൈസരന്‍ താഴ് വരയില്‍ ഭീകരര്‍ എത്തിയപ്പോള്‍ ആദ്യം കരുതിയത് മോക്ഡ്രില്ലാണെന്നാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ തോക്കുകളില്‍ നിന്നും വെടിയുതിര്‍ന്ന നിമിഷം, കണ്‍മുന്നില്‍ ഉറ്റവരെ നഷ്ടമായവര്‍ക്ക് ജീവിതാവസാനം വരെ മറക്കാന്‍ സാധിക്കില്ല.