P M Sri Project | ‘നാല് കാശിനു കേരള ജനതയെ ഒറ്റു കൊടുത്ത കുടുംബം’ ഉളുപ്പ് ഉണ്ടോ ചങ്ങാതീ… മുഹമ്മദ് റിയാസിന്റെ പഴയ പോസ്റ്റ് ചര്‍ച്ചയാവുമ്പോള്‍

Jaihind News Bureau
Friday, October 24, 2025

കേരള രാഷ്ട്രീയത്തില്‍ നിലവില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത് പിഎം ശ്രീ (PM SHRI – PM Schools for Rising India) പദ്ധതിയില്‍ സിപിഎം ഒപ്പിട്ടതുമായി ബന്ധപ്പെട്ടാണ്. 2020-ല്‍ അന്നത്തെ യുവജന നേതാവും നിലവിലെ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുമായ മുഹമ്മദ് റിയാസ് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തെ (NEP) രൂക്ഷമായി വിമര്‍ശിച്ച് എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് ഈ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചയാകുന്നത് സിപിഎമ്മിന്റെ നിലപാടുകളിലെ വൈരുധ്യം വ്യക്തമാക്കുന്നതിനാലാണ്. ഘടകകക്ഷികളോടുപോലും ആലോചിക്കാതെ ഏകപക്ഷീയമായി എടുത്ത ഈ തീരുമാനം ഇടതുമുന്നണിയില്‍ത്തന്നെ എതിര്‍പ്പുകള്‍ക്ക് കാരണമായിട്ടുണ്ട്.

മുഹമ്മദ് റിയാസിന്റെ 2020-ലെ വിമര്‍ശനം: ഒരു തിരിഞ്ഞുനോട്ടം

2020-ല്‍ മുഹമ്മദ് റിയാസ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്തുകൊണ്ട് എതിര്‍ക്കപ്പെടണം എന്ന് വ്യക്തമാക്കുകയായിരുന്നു. അതിലെ പ്രധാന വാദങ്ങള്‍ ഇവയായിരുന്നു:

ഫെഡറല്‍ സംവിധാനത്തിന് ഭീഷണി: വിദ്യാഭ്യാസ മേഖലയില്‍ സംസ്ഥാനങ്ങളുടെ അധികാരത്തെ ഇല്ലാതാക്കി ഫെഡറല്‍ സ്വഭാവത്തെ ഹനിക്കുന്നു.

കേന്ദ്രീകൃത സമീപനം: ‘നാനാത്വത്തില്‍ ഏകത്വം’ എന്ന മഹത്തായ ദര്‍ശനത്തിന് വിരുദ്ധമായി കേന്ദ്രീകൃത വിദ്യാഭ്യാസ രീതി അടിച്ചേല്‍പ്പിക്കുന്നു.

വിദ്യാഭ്യാസ കച്ചവടം: ‘സാമ്പത്തിക സ്വയംഭരണം’ എന്ന പേരില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഫീസ് ഉയര്‍ത്തി അറിവ് ധനികരുടെ മാത്രം കുത്തകയാക്കുന്നു.

വര്‍ഗീയവല്‍ക്കരണം: ഗവേഷണത്തിനായുള്ള നിയന്ത്രണ അതോറിറ്റി ചില വിഷയങ്ങളിലേക്കുള്ള ഗ്രാന്റുകളിലൂടെ കാവിവല്‍ക്കരണത്തിന് വ്യാപക പ്രോത്സാഹനം നല്‍കുന്നു.

സാമൂഹിക നീതി നിഷേധം: ജാതി വിവേചനം ഇല്ലാതാക്കാനും സംവരണ അട്ടിമറി മറികടക്കാനും ഒരു നിര്‍ദ്ദേശവുമില്ല. അരികുവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ അവഗണിക്കുന്നു.

ധനസഹായത്തിന്റെ കുറവ്: വിദ്യാഭ്യാസ മേഖലയ്ക്കുള്ള സാമ്പത്തിക നീക്കിവെപ്പ് വര്‍ദ്ധിപ്പിക്കാനുള്ള ശുപാര്‍ശകളില്ല.

ഈ പോസ്റ്റില്‍ റിയാസ് അടിവരയിട്ട് പറഞ്ഞത്, ‘വിദ്യാഭ്യാസ മേഖലയില്‍ ഇന്ത്യ ഇതുവരെ ആര്‍ജിച്ച നേട്ടങ്ങളെ തകര്‍ക്കാന്‍ കാരണമായേക്കാവുന്ന NEPയെ ഗൗരവമായ വിമര്‍ശനത്തിന് വിധേയമാക്കാന്‍ അക്കാഡമിക് സമൂഹവും ജനാധിപത്യ പ്രസ്ഥാനങ്ങളും മുന്നോട്ട് വരേണ്ടതുണ്ട്’ എന്നായിരുന്നു.

നിലവിലെ സിപിഎം നിലപാടും വിമര്‍ശനങ്ങളും

മുഹമ്മദ് റിയാസ് അന്ന് ശക്തമായി എതിര്‍ത്ത അതേ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായ പിഎം ശ്രീ പദ്ധതിയില്‍, ഇന്ന് യാതൊരു രാഷ്ട്രീയ വിശദീകരണവുമില്ലാതെ സിപിഎം ഒപ്പിട്ടത് വലിയ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. പിഎം ശ്രീ പദ്ധതി എന്നത് പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ പ്രധാന ഭാഗങ്ങളിലൊന്നാണ്. എന്നാല്‍, റിയാസ് ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ അതേപടി നിലനില്‍ക്കുമ്പോള്‍, എന്തിനാണ് സിപിഎം ഈ പദ്ധതിയില്‍ പങ്കാളിയായത് എന്നതിന് വ്യക്തമായ വിശദീകരണം നല്‍കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞിട്ടില്ല.

ഫേസ്ബുക്കില്‍ ഈ വിഷയത്തില്‍ വന്ന കമന്റുകള്‍ ജനങ്ങളുടെ പ്രതിഷേധവും കടുത്ത നിരാശയും വ്യക്തമാക്കുന്നുണ്ട്. നാലു കാശിനു കേരള ജനതയെ ഒറ്റു കൊടുത്ത കുടുംബമെന്നാണ് റിയാസിന്റെ പോസ്റ്റിനു കമന്റായി ഉയരുന്ന രൂക്ഷ വിമര്‍ശനം. അമ്മോശന്‍ പറഞ്ഞാല്‍ അപ്പീലില്ല. നാണം കെട്ടും പണം നേടിയാല്‍, നാണക്കേട് ആ പണം മാറ്റിടും, കേരളത്തെ RSS ന് ഒറ്റ് കൊടുക്കുന്ന പ്രസ്ഥാനമാണ് CPM ഉം അതിലെ നേതാക്കളും’ , ‘തല്‍ക്കാലം മോളും മരുമോനും മോനും അമ്മോഷനും അടക്കം അകത്താകാതെ നോക്കാന്‍ ഒപ്പിട്ടു എന്നേ ഉള്ളൂ’ ‘ഇതില്‍ ഒപ്പിട്ട പണവും വാങ്ങി ധൂര്‍ത്തടിക്കാന്‍ ഒരുങ്ങി നില്‍ക്കുന്ന പിണറായി വിജയനാണ് ഇപ്പോഴത്തെ നേതാവ്’ എന്നു തുടങ്ങി മുഖ്യമന്ത്രിയേയും കുടുംബത്തേയും വിമര്‍ശിക്കുന്ന കമന്റുകളാണ് അധികവും.

‘ഉളുപ്പ് ഉണ്ടോ ചങ്ങാതി ??’Sfi എന്നൊരു വിദ്യാര്‍ത്ഥി സംഘടനയുണ്ടായിരുന്നു ഇവിടെ അവരും ഇരട്ട ചങ്കന്റെ മുന്നില്‍ മിണ്ടാപ്രാണികളാണെന്ന് തെളിഞ്ഞു. എന്നും പോസ്റ്റുകള്‍ വരുന്നുണ്ട്.

ഈ കമന്റുകള്‍ എല്ലാം സൂചിപ്പിക്കുന്നത്, സിപിഎമ്മിന്റെ ഈ നീക്കം പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രപരമായ നിലപാടുകള്‍ക്ക് വിരുദ്ധമാണെന്നും സാമ്പത്തിക നേട്ടങ്ങള്‍ക്കായി സ്വന്തം തത്വങ്ങള്‍ ബലികഴിക്കുകയാണെന്നുമാണ്. ജനങ്ങളുടെ വോട്ട് നേടി അധികാരത്തിലെത്തുന്ന ഒരു പാര്‍ട്ടി, ജനങ്ങള്‍ വിശ്വസിക്കുന്ന നയങ്ങളില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ സ്വാഭാവികമായും ഇത്തരം വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരും.

ഇടതുമുന്നണിയിലെ ഘടകകക്ഷികള്‍ പോലും അറിയാതെ എടുത്ത ഈ തീരുമാനം ജനാധിപത്യപരമായ കീഴ്വഴക്കങ്ങള്‍ക്ക് വിരുദ്ധമാണ്. ഇത് മുന്നണി സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. പ്രതിപക്ഷ പാര്‍ട്ടികളും ഈ വിഷയത്തില്‍ ശക്തമായ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളെ നിരന്തരം എതിര്‍ക്കുകയും അവയെ ഫാസിസ്റ്റ് നടപടികളായി ചിത്രീകരിക്കുകയും ചെയ്യുന്ന സിപിഎം, അതേ നയത്തിന്റെ ഭാഗമായ പദ്ധതിയില്‍ പങ്കുചേരുന്നത് ഇരട്ടത്താപ്പാണെന്ന് ചൂണ്ടിക്കാട്ടുന്നു.

സിപിഎം ഈ വിഷയത്തില്‍ വ്യക്തമായ ഒരു നിലപാട് ജനങ്ങളോട് വിശദീകരിക്കേണ്ടതുണ്ട്. പാര്‍ട്ടിയുടെ അടിസ്ഥാനപരമായ തത്വങ്ങളില്‍ വെള്ളം ചേര്‍ത്ത്, സാമ്പത്തിക നേട്ടങ്ങള്‍ക്കായി നയം മാറ്റുന്നു എന്ന വിമര്‍ശനങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കേണ്ടത് പാര്‍ട്ടിയുടെ വിശ്വാസ്യത നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. അല്ലെങ്കില്‍, ഫേസ്ബുക്കിലെ കമന്റുകള്‍ പോലെ, ‘നാല് കാശിന് വേണ്ടി ഒറ്റി കൊടുക്കുന്ന യൂദാസുകള്‍ കമ്മ്യൂണിസ്റ്റുകള്‍’ എന്നുള്ള ആരോപണങ്ങള്‍ കൂടുതല്‍ ശക്തി പ്രാപിക്കുകയേ ഉള്ളൂ.