ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരം നേടിയ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന് കേരളത്തിന്റെ സ്‌നേഹാദരം. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന ‘മലയാളം വാനോളം, ലാല്‍സലാം’ എന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു.
പുരസ്‌കാരം ഏറ്റുവാങ്ങിയുള്ള മറുപടി പ്രസംഗത്തില്‍ മോഹന്‍ലാല്‍ വികാരാധീനനായി. തനിക്ക് ലഭിച്ച എല്ലാ ബഹുമതികളും മലയാളികള്‍ക്കുള്ളതാണ് എന്ന് അദ്ദേഹം പറഞ്ഞു. ‘കാഴ്ചക്കാരില്ലെങ്കില്‍ കലാകാരന്മാര്‍ ഇല്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വന്തം നാടിന്റെ മണ്ണില്‍ ലഭിച്ച ഈ സ്വീകരണം വൈകാരിക ഭാരം ഉണ്ടാക്കുന്നുവെന്നും, അത് മറച്ചുവെക്കാന്‍ തന്റെ അഭിനയശേഷിക്ക് പോലും ആകുന്നില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ‘ഇത് ഞാന്‍ വളര്‍ന്ന മണ്ണ്, എന്റെ ആത്മാവിന്റെ ഭാഗം,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിനിമയിലേക്ക് വന്നതിനെക്കുറിച്ചും അഭിനയത്തെക്കുറിച്ചുമുള്ള അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധേയമായി.
‘എനിക്ക് അഭിനയം അനായാസമല്ല. ഒരു കഥാപാത്രത്തില്‍ നിന്ന് മറ്റൊന്നിലേക്ക് മാറുന്നത് പ്രാര്‍ഥനയോടെയാണ്. കാണുന്നവര്‍ക്ക് അനായാസമായി തോന്നുന്നെങ്കില്‍ അത് അജ്ഞാത ശക്തിയുടെ അനുഗ്രഹമാണ്.’ ‘മുങ്ങി പോകുന്നെന്ന് തോന്നുമ്പോള്‍ ‘ലാലേട്ടാ’ എന്ന വിളി കേള്‍ക്കും, ആരെങ്കിലും വന്ന് കൈപിടിക്കും. ജീവിതത്തിലും കരിയറിലും ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടായിട്ടുണ്ട്. ‘അച്ഛനെയും അമ്മയെയും സുഹൃത്തുക്കളെയും ഓര്‍മ്മിച്ച അദ്ദേഹം, ‘എല്ലാത്തിനും ഉപരി മലയാളഭാഷയെയും സംസ്‌കാരത്തെയും ഞാന്‍ സ്‌നേഹിക്കുന്നു,’ എന്ന് പ്രഖ്യാപിച്ചു.