ചൈന കയ്യേറിയ നമ്മുടെ മണ്ണ് ഇനി എന്നാണ് വീണ്ടെടുക്കാന്‍ ഉദ്ദേശിക്കുന്നത് ? അതോ ഇതും ദൈവത്തിന്‍റെ കളിയാണോ ? : പരിഹസിച്ച് രാഹുല്‍ ഗാന്ധി

Jaihind News Bureau
Friday, September 11, 2020

ന്യൂഡല്‍ഹി : ഇന്ത്യാ-ചൈന അതിർത്തി പ്രശ്നത്തില്‍ കേന്ദ്രത്തിനെതിരെ പരിഹാസവുമായി രാഹുല്‍ ഗാന്ധി. ചൈന നമ്മുടെ മണ്ണ് കയ്യേറി എന്നത് തർക്കമില്ലാത്ത കാര്യമാണ്. നമ്മുടെ മണ്ണ് ഇനി എന്നാണ് യഥാർത്ഥത്തില്‍ വീണ്ടെടുക്കാന്‍ കേന്ദ്ര സർക്കാർ ആലോചിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചു.  അതോ ഇതും ‘ദൈവത്തിന്‍റെ ഇടപെടലാ’യി വ്യാഖ്യാനിക്കപ്പെടുമോ എന്നും അദ്ദേഹം പരിഹസിച്ചു.

നേരത്തെ സാമ്പത്തികരംഗത്തെ തകർച്ച ദൈവത്തിന്‍റെ കളിയാണെന്ന ധനമന്ത്രി നിർമല സീതാരാമന്‍ പറഞ്ഞിരുന്നു. എന്നാല്‍ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തത് കേന്ദ്രസർക്കാരിന്‍റെ തെറ്റായ തീരുമാനങ്ങളാണെന്ന് രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. തിടുക്കപ്പെട്ട് നടപ്പിലാക്കിയ നോട്ട് നിരോധനം, വികലമായ ജി.എസ്.ടി, പരാജയപ്പെട്ട ലോക്ക്ഡൗൺ എന്നിവയാണ് രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥ തകർത്തത്. മറിച്ചുള്ള ന്യായവാദങ്ങളെല്ലാം തന്നെ കള്ളമാണെന്നും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി.