രാജ്യത്ത് ഗോതമ്പിന്‍റെ വിലയും കുതിച്ചുയരുന്നു : കയറ്റുമതി നിർത്തിവച്ചു

Saturday, May 14, 2022

ന്യൂഡല്‍ഹി: രാജ്യത്ത് ഗോതമ്പിനും ആഭ്യന്തര വിപണി വിലയില്‍ കുതിച്ചുകയറ്റം. വില നിയന്ത്രിക്കുന്നതിന് ഇന്ത്യയില്‍നിന്നുള്ള ഗോതമ്പു കയറ്റുമതി അടിയന്തരമായി  കേന്ദ്രസര്‍ക്കാര്‍ നിർത്തിവച്ചു. ചൈന കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദകരാജ്യമാണ് ഇന്ത്യ. ഏപ്രില്‍മാസത്തില്‍ ആശങ്കയുളവാക്കുന്ന വിധത്തിലാണ് രാജ്യത്ത് ഗോതമ്പുവില കുതിച്ചുയര്‍ന്നത്. പത്തുവര്‍ഷത്തിനിടെ ഉണ്ടായ ഏറ്റവും ഉയര്‍ന്ന വര്‍ധനയാണിത്.

വിഷയത്തില്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡി.ജി.എഫ്.ടി.) വിജ്ഞാപനം പുറപ്പെടുവിച്ചു. രാജ്യത്തിന്റെ മൊത്തത്തിലുള്ള ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നതിനും അയല്‍പ്പക്കത്തെയും ദുര്‍ബലരാജ്യങ്ങളുടെയും ആവശ്യങ്ങളെ പരിഗണിക്കുന്നതിനുമാണ് ഇത്തരമൊരു നടപടി കേന്ദ്രം സ്വീകരിച്ചതെന്ന് വെള്ളിയാഴ്ച രാത്രി പുറത്തെത്തിയ ഡി.ജി.എഫ്.ടി. വിജ്ഞാപനത്തില്‍ പറയുന്നു.