വാട്സാപ്പ് ചാരപ്രവൃത്തി; അറിഞ്ഞേ ഇല്ലെന്ന് ഇന്ത്യ; മെയ് മാസത്തില്‍ത്തന്നെ അറിയിച്ചുവെന്ന് കമ്പനി

Jaihind Webdesk
Saturday, November 2, 2019

Whatsapp

ന്യൂഡല്‍ഹി: രാജ്യത്തെ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍ തുടങ്ങിയവരുടെ സ്വകാര്യ വിവരം ചോര്‍ത്തിയ കാര്യം അറിയിച്ചില്ലെന്ന ഇന്ത്യയുടെ ആരോപണം തള്ളി വാട്‌സാപ്പ്. കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ ഇക്കാര്യം അധികൃതരെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് വ്യക്തമാക്കി.

വേനല്‍ക്കാലം മുതല്‍ നിരവധി യോഗങ്ങളും കൂടിക്കാഴ്ചകളും നടത്തിയിരുന്നെങ്കിലും വാട്സ് ആപ്പോ അതിന്റെ മാതൃ കമ്പനിയായ ഫെയ്സ്ബുക്കോ ഇന്ത്യന്‍ പൗരന്മാരുടെ സ്വകാര്യത ചോര്‍ത്തുന്ന വിവരം തങ്ങളെ അറിയിച്ചിരുന്നില്ലെന്നാണ് കേന്ദ്രം അവകാശപ്പെട്ടത്. എന്നാല്‍ ചില സുരക്ഷാ പ്രശ്‌നം പരിഹരിക്കുന്നതിന്റെ ഭാഗമായി എല്ലാ രാജ്യങ്ങളുടേയും അധികൃതരെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്ന കാര്യം കഴിഞ്ഞ മെയ് മാസത്തില്‍ തന്നെ അറിയിച്ചിരുന്നുവെന്ന് വാട്‌സ് ആപ്പ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഇസ്രയേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ച് എന്‍എസ്ഒ നിരീക്ഷിച്ചവരില്‍ മനുഷ്യാവകാശ പ്രവര്‍ത്തകര്‍, ഗോത്രമേഖലയില്‍ ജോലി ച്യെുന്ന അഭിഭാഷകര്‍, എല്‍ഗര്‍ പരിഷത്ത് കേസ് പ്രതി, ഭീമ കൊറേഗാവ് കേസ് അഭിഭാഷകന്‍, ദലിത് ആക്ടിവിസ്റ്റ്, പ്രതിരോധ-നയതന്ത്ര റിപ്പോര്‍ട്ടിങ് ചുമതലയുള്ള മാധ്യമപ്രവര്‍ത്തകര്‍, ഡല്‍ഹി യൂണിവേഴ്സിറ്റി ലെക്ചറര്‍ തുടങ്ങിയവരാണ് ഉള്ളത്. 25ഓളം പേരുടെ രഹസ്യ വിവരങ്ങളാണ് ചോര്‍ത്തിയത്.

ഫെയ്സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരേയും സാമൂഹ്യ പ്രവര്‍ത്തകരേയും നിരീക്ഷിച്ചു വരുന്നതായി വാട്സ്ആപ്പ് തന്നെ വെളിപ്പെടുത്തിയ കാര്യം വ്യാഴാഴ്ച ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇസ്രായേലി സ്പൈവെയറായ പെഗാസസ് ഉപയോഗിച്ചാണ് വിവരങ്ങള്‍ ചോര്‍ത്തിയതെന്നും വാട്സ്ആപ്പ് വെളിപ്പെടുത്തിയിരുന്നു. ഇസ്രായേലി കമ്പനിയായ എന്‍എസ്ഒയാണ് നിരീക്ഷണം നടത്തിയതെന്നാണ് വെളിപ്പെടുത്തല്‍. സാന്‍ ഫ്രാന്‍സിസ്‌കോ ഫെഡറല്‍ കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് വാട്സ്ആപ്പിന്റെ വെളിപ്പെടുത്തല്‍. വാട്സ്ആപ്പില്‍ നിന്നും 1400 ഓളം വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് വിവരം.

വിഷയത്തില്‍ നേരത്തേ കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. വെളിപ്പെടുത്തല്‍ ഭയാനകമാണെങ്കിലും അമ്പരപ്പിക്കുന്നതല്ലെന്ന് കോണ്‍ഗ്രസ് പ്രതികരിച്ചു. ബിജെപി സ്വകാര്യതയ്ക്കെതിരെ രംഗത്ത് വന്നവരാണെന്നും നിരീക്ഷണത്തിനായി കോടികള്‍ ചെലവാക്കിയവരാണെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല പറഞ്ഞു. സുപ്രീം കോടതി വളരെ പെട്ടെന്നു തന്നെ ഇടപെടണമെന്നും ബിജെപി സര്‍ക്കാരിന് നോട്ടീസ് നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.