എം.ശിവശങ്കറിന്‍റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്

Jaihind News Bureau
Sunday, October 25, 2020

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിന്‍റെ വാട്‌സാപ്പ് ചാറ്റ് വിവരങ്ങൾ പുറത്ത്. ചാർട്ടേഡ് അക്കൗണ്ടന്‍റ് വേണുഗോപാലുമായി ശിവശങ്കർ ബന്ധപ്പെട്ടതിന്‍റെ ചാറ്റ് വിവരങ്ങളാണ് പുറത്തു വന്നത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട പണമിടപാടിൽ ശിവശങ്കർ ഇടപെട്ടുവെന്നതിന് എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ചൂണ്ടിക്കാണിക്കുന്ന വിവരങ്ങളാണ് വാട്‌സാപ്പ് ചാറ്റിൽ ഉള്ളതും.

സ്വപ്ന സുരേഷിനെ മറയാക്കി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ പണമിടപാട് നടത്തിയിരുന്നതായി കഴിഞ്ഞ ദിവസം ശിവശങ്കറിന്‍റെ മുൻകൂർ ജാമ്യാപേക്ഷയെ എതിർത്തു കൊണ്ട് ഇഡി ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു. വിശദാംശങ്ങൾ സീൽ ചെയ്ത കവറിൽ ഇഡി ഹൈക്കോടതിയിൽ സമർപ്പിക്കുകയും ചെയ്തു. ഈ വാട്‌സാപ്പ് ചാറ്റിലെ ചില വിവരങ്ങളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ശിവശങ്കറിന്‍റെ സുഹൃത്ത് കൂടിയാണ് നികുതി വിദഗ്ദ്ധനും ചാർട്ടേഡ് അക്കൗണ്ടന്‍റുമായ വേണുഗോപാൽ.

നവംബർ മുതലാണ് ഇരുവരും തമ്മിലുള്ള ചാറ്റിംഗ് ആരംഭിക്കുന്നത്. നിക്ഷേപം ഏതെല്ലാം രീതിയിൽ കൈകാര്യം ചെയ്യണമെന്നും വേണുഗോപാലിൽ നിന്നും ശിവശങ്കർ ചോദിച്ചറിയുന്നുണ്ട്. സ്വപ്നയ്ക്ക് വേണ്ടി ലോക്കറിൽ പണം നിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ഇരുവരും വാട്‌സാപ്പിൽ ചർച്ച ചെയ്യുന്നുണ്ട്. ശിവശങ്കറിനോട് ഇ.ഡി 35 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇല്ല എന്നാണ് വാട്ട്‌സ് അപ്പിൽ അദ്ദേഹം മറുപടി നൽകിയത്. ചാർട്ടേഡ് അക്കൗണ്ടന്‍റുമായിപണമിടപാടിനെക്കുറിച്ച് ചർച്ച ചെയ്തിരുന്നുവോ എന്ന് ഇ.ഡി ചോദിച്ചപ്പോഴും അദ്ദേഹം ഇല്ല എന്നാണ് പറഞ്ഞത്. സ്വപ്നയുടെ പണമിടപാടുകളെ കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നാണ് ഇതിലൂടെ ശിവശങ്കർ സ്ഥാപിക്കാൻ ശ്രമിച്ചെതെങ്കിലും ഈ വാദത്തെ എതിർക്കുന്ന വിവരങ്ങളാണ് ഇപ്പോൾ വാട്‌സാപ്പ് ചാറ്റിലൂടെ പുറത്തു വരുന്നത്.