കേരള തീരത്ത് അടക്കം അറബിക്കടല്‍ തീരങ്ങളില്‍ തിമിംഗലങ്ങള്‍ ചത്ത് അടിയുന്നത് കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്ത് മടങ്ങ് വര്‍ധിച്ചതായി കണ്ടെത്തല്‍. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം നടത്തിയ പഠനത്തില്‍ 2004-2013 കാലയളവില്‍ പ്രതിവര്‍ഷം 0.3 ശതമാനമായിരുന്നത് 2013-2023 കാലയളവില്‍ പ്രതിവര്‍ഷം 3 ശതമാനമായി കുത്തനെ കൂടിയെന്നാണ് കണ്ടെത്തല്‍.
ഉയര്‍ന്ന അളവിലുള്ള കപ്പല്‍ ഗതാഗതം, മത്സ്യബന്ധനം, പാരിസ്ഥിതിക ഘടകങ്ങള്‍, ആഴം കുറഞ്ഞ തീരക്കടല്‍ ഇതിനു പുറമെ, സമുദ്രോപരിതലത്തില്‍ താപനില കൂടുന്നതും തിമിംഗലങ്ങളുടെ ജീവന് ഭീഷണിയാകുന്നു. ബ്രൈഡ്സ് തിമിംഗലങ്ങാണ് ഇത്തരത്തില്‍ കൂടുതലായി ചത്തടിയുന്നത്. 2023 ല്‍ മാത്രം ഒമ്പത് തിമിംഗലങ്ങളാണ് ചത്തടിഞ്ഞത്. കഴിഞ്ഞ 20 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കേരളം, കര്‍ണ്ണാടക, ഗോവ തീരങ്ങളില്‍ ഇത്തരത്തില്‍ തിമിംഗലങ്ങളുടെ ചത്തടിയല് കൂടുതലായി കാണപ്പെടുന്നു. ചെറുമത്സ്യങ്ങളെ ലക്ഷ്യം വെച്ച് തീരക്കടലിലേക്ക് അടുക്കുന്നതും പ്രക്ഷുബ്ധമായ കടല്‍ കാരണം ദിശയറിയാനുള്ള ശേഷി നഷ്ടപ്പെട്ട് തീരത്തെത്തിപ്പെടുന്നതുമാണ് മണ്‍സൂണ്‍ സമയത്ത് തിമിംഗലങ്ങള്‍ ചത്ത് തീരത്തടിയുന്നത് കൂടാന്‍ കാരണമാകുന്നത്.
ഇന്ത്യയിലെ സമുദ്രസസ്തനികളുമായി ബന്ധപ്പെട്ട ദേശീയ ഗവേഷണ പ്രൊജക്ടിന് കീഴില്‍ സീനിയര്‍ സയന്റിസ്റ്റ് ഡോ ആര് രതീഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. ഈ ഗുരുതര സാഹചര്യം നേരിടുന്നതിന് ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള സംരക്ഷണ പദ്ധതികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തത്സമയ മുന്നറിയിപ്പുകളും തിമിംഗല സംരക്ഷണ ശൃംഖലകളും ആവശ്യമാണെന്ന് പഠനം നിര്‍ദേശിച്ചു. മത്സ്യത്തൊഴിലാളികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും പരിശീലനം നല്കല്, വിവര ശേഖരണത്തിന് സിറ്റിസന്‍ സയന്‍സ് ശക്തിപ്പെടുത്തല്‍ എന്നിവയും അനിവാര്യമാണെന്ന് പഠനം ചൂണ്ടിക്കാട്ടി.