ന്യൂഡല്‍ഹി : രാജ്യതലസ്ഥാനത്തെ വായുമലിനീകരണ വിഷയത്തിൽ കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീം കോടതി. വീടുകളിൽ പോലും മാസ്ക് ഉപയോഗിക്കാൻ നിർബന്ധിതരാവുകയാണെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ ചൂണ്ടിക്കാട്ടി. വായുമലിനീകരണം നിയന്ത്രിക്കാന്‍ എന്ത് നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കോടതി കേന്ദ്രത്തോട് ആരാഞ്ഞു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണ തോത് വർധിക്കുന്നതുമായി ബന്ധപ്പെട്ട് 17 കാരനായ ഡൽഹി വിദ്യാർത്ഥി ആദിത്യ ദുബെ നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതി രൂക്ഷ വിമർശനം നടത്തിയത്. ഡൽഹിയിൽ ആവശ്യമെങ്കിൽ രണ്ട് ദിവസം ലോക്ക്ഡൌൺ പ്രഖ്യാപിക്കണം എന്ന് സുപ്രീം കോടതി പറഞ്ഞു.വായു മലീനികരണത്തിന് പുറമെ, മഹാമാരിയും, ഡെങ്കിയെയും നേരിടുകയാണ് ഡൽഹിക്കാർ എന്നും കോടതി ചൂണ്ടിക്കാട്ടി. വായുമലിനീകരണ വിഷയത്തില്‍ സര്‍ക്കാര്‍ വേണ്ടത്ര പരിഗണന നല്‍കുന്നില്ലെന്നും നിഷ്‌ക്രിയമാണെന്നും ഹര്‍ജിയില്‍ ആദിത്യ ദുബെ ആരോപിച്ചിരുന്നു.
അതേസമയം മലിനീകരണം നിയന്ത്രിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഡൽഹിയുടെ അതിര്‍ത്തി സംസ്ഥാനങ്ങളായ പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും കൃഷിസ്ഥലത്തെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് രൂക്ഷമായ മലിനീകരണത്തിലേക്ക് നയിച്ചതെന്നായിരുന്നു കേന്ദ്രം കോടതിയിൽ വിശദീകരിച്ചത്. മലിനീകരണം ഉണ്ടായത് കര്‍ഷകര്‍ കാരണമാണെന്ന തരത്തില്‍ പറയുന്നത് എന്തിനാണെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ബാക്കി കാരണങ്ങളെക്കുറിച്ച് എന്താണ് പറയാനുള്ളതെന്ന് ചോദിച്ച കോടതി, മലിനീകരണം നിയന്ത്രിക്കാന്‍ നിങ്ങള്‍ എന്ത് നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും കേന്ദ്രത്തോട് ചോദിച്ചു.