എംടി പറഞ്ഞത് മോദിയെയും പിണറായിയെയും കുറിച്ച്; സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ സാഹിത്യനായകന്മാർ പ്രതികരിക്കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Friday, January 12, 2024

മുംബൈ: എം.ടി. വാസുദേവന്‍ നായർ പറഞ്ഞത് മോദിയെയും പിണറായിയെയും കുറിച്ചെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. അദ്ദേഹത്തിന്‍റെ വിമർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരുപോലെ ബാധകമാണെന്നും രമേശ് ചെന്നിത്തല മുംബൈയില്‍ പറഞ്ഞു.

വളരെ കാലികപ്രാധാന്യമുള്ള കാര്യമാണ് അദ്ദേഹം പറഞ്ഞത്. ആരാധകവൃന്ദത്തിന്‍റെയും സ്തുതിപാഠകരുടെയും മുന്നിലല്ല നേതാക്കൾ നിൽക്കേണ്ടത്. നരേന്ദ്ര മോദിയെക്കുറിച്ചും പിണറായി വിജയനെക്കുറിച്ചുമാണ് എംടി പറഞ്ഞത്. ആരാധകരുടെയും സ്തുതിപാഠകരുടെയും പുകഴ്ത്തലുകൾക്ക് മുന്നിൽ നമ്മുടെ ഭരണാധികാരികൾ നിൽക്കുന്നു എന്നതാണ് വസ്തുത. ഇഎംഎസ് വളരെ വ്യത്യസ്തമായ രീതിയിൽ പ്രവർത്തിച്ച നേതാവായിരുന്നു. അതു മാതൃകയാക്കാൻ കമ്മ്യൂണിസ്റ്റ് നേതാക്കൾ ആരും മുന്നോട്ടുവരുന്നില്ല എന്നത് വളരെ ഭംഗിയായി എംടി പറഞ്ഞിരിക്കുന്നു. സമൂഹത്തിലെ പുഴുക്കുത്തുകൾക്കെതിരെ സാഹിത്യനായകന്മാർ പ്രതികരിക്കേണ്ടതുണ്ട്. പണ്ട് സംസാരിച്ചിരുന്നു, എന്നാൽ ഭയം കാരണം ഇപ്പോൾ ആരും സംസാരിക്കുന്നില്ല.