മുഖ്യതെരഞ്ഞെടുപ്പു കമ്മിഷണറെ തിരഞ്ഞെടുത്ത കമ്മിറ്റിയുടെ സാധുത ചോദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ വിയോജനക്കുറിപ്പ്. സുപ്രിംകോടതി ഉത്തരവ് ലംഘിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസിനെ കമ്മിറ്റിയില്‍ നിന്ന് പുറത്താക്കിയ എന്‍ഡിഎ സര്‍ക്കാരിന്റ നടപടിയെയും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തുന്നു. നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെക്കുറിച്ചുള്ള കോടിക്കണക്കിന് വോട്ടര്‍മാരുടെ ആശങ്കകള്‍ മോഡി സര്‍ക്കാര്‍ രൂക്ഷമാക്കിയിരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
‘പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണറെ തിരഞ്ഞെടുക്കാനുള്ള കമ്മിറ്റിയുടെ യോഗത്തില്‍, ഞാന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഒരു വിയോജനക്കുറിപ്പ് അവതരിപ്പിച്ചിരുന്നു. എക്‌സിക്യൂട്ടീവ് ഇടപെടലുകളില്ലാത്ത ഒരു സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷന് അടിസ്ഥാനപരമായി വേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷണറെയും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറെയും തിരഞ്ഞെടുക്കുക എന്നതാണ് ‘ രാഹുല്‍ ഗാന്ധി പറഞ്ഞു
തെരഞ്ഞെടുപ്പു കമ്മിഷണര്‍മാരെ തീരുമാനിക്കാനുള്ള സമിതിയില്‍ നിന്ന് ജുഡിഷ്യറി പ്രതിനിധിയായ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയത് നിഷ്പക്ഷ വോട്ടിന്മേലുള്ള വോട്ടര്‍മാരുടെ ആശങ്കകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. ബാബാസാഹേബ് അംബേദ്കറുടെയും നമ്മുടെ രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കളുടെയും ആദര്‍ശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും സുപ്രീംകോടതി ഉത്തരവുകള്‍ ലംഘിക്കുന്ന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയും ചെയ്യേണ്ടത് പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ എന്റെ കടമയാണ്.
‘ കമ്മിഷണര്‍മാരെ തെരഞ്ഞെടുക്കാനുള്ള കമ്മറ്റിയുടെ ഘടനയും നടപടിക്രമങ്ങളും തന്നെ സുപ്രീം കോടതിയില്‍ നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ ചോദ്യം ചെയ്യപ്പെടാനിരിക്കെ പുതിയ CEC യെ തിരഞ്ഞെടുക്കാനുള്ള അര്‍ദ്ധരാത്രി തീരുമാനം പ്രധാനമന്ത്രിയും എച്ച്എമ്മും കൈക്കൊണ്ടത് അനാദരവും മര്യാദയില്ലാത്തതുമാണ്.’ രാഹുല്‍ ഗാന്ധി സോഷ്യല്‍ മീഡിയകളില്‍ നല്‍കിയ കുറിപ്പില്‍ പറഞ്ഞു.