
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ടീമും കേരളത്തില്‍ എത്തുന്നതുമായി ബന്ധപ്പെട്ട് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് ഹൈബി ഈഡന് എം പി ജിസിഡിഎ ചെയര്മാന് കത്ത് നല്കി. മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചകള്‍, കരാറുകള്‍, ധനസമാഹരണം എന്നിവ സംബന്ധിച്ച് പൊതുസമൂഹത്തിന് അറിയാന്‍ താല്പര്യമുണ്ടെന്നും, രാജ്യാന്തര സ്റ്റേഡിയത്തിന്റെ ഭാവി പോലും ചോദ്യചിഹ്നമായി നില്‍ക്കുകയാണെന്നും എംപി കത്തിലൂടെ ചൂണ്ടിക്കാട്ടി.
വിഷയത്തില്‍ നിരവധി ചോദ്യങ്ങളാണ് ഹൈബി ഈഡന് ഉന്നയിച്ചത്. മെസ്സി വരാത്ത സാഹചര്യത്തിലും സ്പോണ്സര്ക്ക് സ്റ്റേഡിയത്തില്‍ അവകാശമുണ്ടോ? നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കരാര്‍ ഏറ്റെടുത്ത കമ്പനികള്‍ക്ക് ഏതുതരത്തിലുള്ള വൈദഗ്ധ്യമാണ് ഉള്ളത്? മെസ്സി വരാത്ത സാഹചര്യത്തില്‍ സ്റ്റേഡിയത്തില്‍ ഇനി അടുത്തതായി നടത്താന്‍ പോകുന്ന നിര്‍മ്മാണ പ്രവര്‍ത്തനം എന്താണ്? സ്റ്റേഡിയം വളപ്പിലെ മരങ്ങള്‍ മുറിച്ചു മാറ്റിയത് സര്‍ക്കാരിന്റെയോ മുഖ്യമന്ത്രിയുടെയോ കായിക മന്ത്രിയുടെയോ അറിവോടെയാണോ? സര്‍ക്കാര്‍ ഭൂമിയിലെ മരംമുറിക്ക് ആവശ്യമായ കമ്മിറ്റികളുടെ അനുമതി വാങ്ങിയിട്ടുണ്ടോ?
കലൂര്‍ സ്റ്റേഡിയത്തിലെ ജിസിഡിഎയുടെ പ്രധാന വരുമാനം കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഹോം ഗ്രൗണ്ട് എന്ന നിലയിലുള്ള വാടകയാണ്. എന്നാല്‍, ബ്ലാസ്റ്റേഴ്സ് കൊച്ചി വിട്ടുപോകുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടലുണ്ടാക്കുന്നതാണ്. സ്റ്റേഡിയം അനിശ്ചിതത്വത്തിലാകുമ്പോള്‍ ഐ.എസ്.എല്‍ പോലുള്ള ലീഗ് മത്സരങ്ങള്‍ എങ്ങനെ നടക്കുമെന്നും ഹൈബി ഈഡന് ചോദിച്ചു.
വിവാദങ്ങള്‍ക്കിടെ, സ്റ്റേഡിയം നവീകരിച്ചാല്‍ മെസ്സി പങ്കെടുക്കുന്ന അന്താരാഷ്ട്ര മത്സരം കഴിഞ്ഞാലും സ്റ്റേഡിയത്തിന്റെ നടത്തിപ്പ് അവകാശം തരണമെന്ന് സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്പറേഷന് ആവശ്യപ്പെട്ടിരുന്നു എന്ന് ജിസിഡിഎ നേതൃത്വം വ്യക്തമാക്കി. എന്നാല്‍, ആ ആവശ്യം അന്നേ തള്ളിയതായും സ്റ്റേഡിയം ഉടമകളായ ജിസിഡിഎ ഭാരവാഹികള്‍ അറിയിച്ചു. വീണ്ടും അന്താരാഷ്ട്ര മത്സരം കൊണ്ടുവന്നാല്‍ പരിഗണന നല്‍കാമെന്നാണ് അന്ന് സ്പോണ്‍സറെ അറിയിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
കളിക്കുവേണ്ടി നവീകരിക്കാമെന്നല്ലാതെ നടത്തിപ്പില്‍ ഒരു പങ്കാളിത്തവും റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റ് കോര്പറേഷന് ഉണ്ടാകില്ലെന്ന് ജിസിഡിഎ ചെയര്മാന് കെ. ചന്ദ്രന്‍പിള്ള മാധ്യമങ്ങളോട് വ്യക്തമാക്കിയിട്ടുണ്ട്. മെസ്സിയും കൂട്ടരും ഉടന്‍ വരില്ലെന്ന് വ്യക്തമായതോടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ മുടങ്ങുമോയെന്ന ആശങ്കയിലാണ് കായികപ്രേമികള്‍. നിലവില്‍ അനിശ്ചിതത്വത്തിലാണെങ്കിലും ഈ സീസണിലെ ഐ.എസ്.എല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങള്‍ നടക്കാനുള്ള വേദിയാണ് കലൂര്‍ സ്റ്റേഡിയം.